കരുത്തു നേടി സെന്‍സെക്‌സും നിഫ്റ്റിയും; ഇന്‍ഡക്‌സുകള്‍ ഉയര്‍ന്നു

Posted on: March 13, 2016 11:13 pm | Last updated: March 13, 2016 at 11:13 pm

share marketആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഒപ്പം വിദേശ ധനകാര്യസ്ഥാപനങ്ങളും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിക്ഷേപകരായി നിലകൊണ്ടു. ഫണ്ടുകള്‍ തുടര്‍ച്ചയായ രണ്ടാം വാരത്തിലും ഹെവിവെയിറ്റ് ഓഹരികളില്‍ നിക്ഷേപത്തിന് ഉത്സാഹിച്ചത് സെന്‍സെക്‌സിനും നിഫ്റ്റിക്കും കരുത്തായി. രണ്ടാഴ്ചക്കിടയില്‍ ഇന്‍ഡക്‌സുകള്‍ ആറ് ശതമാനം കയറി.
വിദേശത്ത് നിന്ന് ഈ വാരം അനുകൂല വാര്‍ത്തകള്‍ പുറത്തുവരുമെന്ന നിഗമനത്തിലാണ് നിക്ഷേപകര്‍. ബേങ്ക് ഓഫ് ജപ്പാനും യു എസ് ഫെഡറല്‍ റിസര്‍വും വായ്പ്പാ അവലോകനത്തിന് ഒത്തുചേരും.—
ടെക്‌നോളജി, ബേങ്കിംഗ്, പവര്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ്, കാപ്പിറ്റല്‍ ഗുഡ്‌സ് ഇന്‍ഡക്‌സുകള്‍ തളര്‍ന്നു. അതേ സമയം ഓട്ടോമൊബൈല്‍, റിയാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ്, ഗ്യാസ്, എഫ് എം സി ജി,— സ്റ്റീല്‍ ഇന്‍ഡക്‌സുകള്‍ മികവ് കാണിച്ചു. ലുപിന്‍, ടാറ്റാ മോട്ടേഴ്‌സ്, എച്ച് ഡി എഫ് സി, എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, മാരുതി, ഒ എന്‍ ജി സി, ഐ റ്റി സി, സണ്‍ ഫാര്‍മ,— ബജാജ് ഓട്ടോ എന്നിവ മികവിലാണ്. അതേ സമയം എസ് ബി ഐ, ഐ സി ഐ സി ഐ, കോള്‍ ഇന്ത്യ, ഡോ. റെഡീസ്, ബി എച്ച് ഇ എല്‍ എന്നിവക്ക് തിരിച്ചടി.
ബോംബെ സൂചിക 71 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്. സെന്‍സെക്‌സ് വാരാന്ത്യം 24,718 ലാണ്. ഒരവസരത്തില്‍ സൂചിക 24,451 ലേക്ക് താഴ്‌ന്നെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയില്‍ 24,820 ലേക്ക് കയറി. ഈവാരം സെന്‍സെക്‌സിന്24,874-25,032 ല്‍ പ്രതിരോധവും 24,506-24,294 താങ്ങും പ്രതീക്ഷിക്കാം.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 7425-7543 റേഞ്ചില്‍ ചാഞ്ചാടി. ഈ—വാരം നിഫ്റ്റി സൂചികക്ക് 7560-7610 ല്‍ തടസമുണ്ട്. ഇത് മറികടക്കാനായാല്‍ സൂചിക 7678 വരെ മുന്നേറാം. അതേ സമയം വില്‍പന സമ്മര്‍ദമുണ്ടായാല്‍ 7442-7374 ല്‍ താങ്ങ് പ്രതീക്ഷിക്കാം.
ബി എസ് ഇ യില്‍ മുന്‍ നിരയിലെ 30 ഓഹരികളില്‍ 19 ഓഹരികളുടെ നിരക്ക് ഉയര്‍ന്നപ്പോള്‍ 11 ഓഹരികളുടെ നിരക്ക് കുറഞ്ഞു. വിദേശ നിക്ഷേപം വീണ്ടും ഉയര്‍ന്നു. ആദ്യ രണ്ട് മാസങ്ങളില്‍ വില്‍പനക്കാരായി നിലകൊണ്ട വിദേശ ഓപറേറ്റര്‍മാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി നിക്ഷേപത്തിന് ഉത്സാഹിച്ചു. പോയവാരം അവര്‍ 3227 കോടി രൂപ വില മതിക്കുന്ന ഓഹരികള്‍ ശേഖരിച്ചു.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. യു എസ് ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യത്തില്‍ 60 പൈസയുടെ മുന്നേറ്റം. രൂപ 67.—41 ല്‍ നിന്ന് 66.81 ലേക്ക് ശക്തിപ്രാപിച്ചു.
മൊത്ത വില സൂചിക ഉപഭോക്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ കണക്കുകള്‍ ഇന്ന് പുറത്തുവരും. ഏഷ്യന്‍ മാര്‍ക്കറ്റുകളും യൂറോപ്യന്‍ ഓഹരി ഇന്‍ഡക്‌സുകളും മികവ് കാണിച്ചു. അമേരിക്കന്‍ ഓഹരി വിപണികള്‍ നാലാം വാരത്തിലും നേട്ടത്തിലാണ്.