അഞ്ച് സീറ്റിലുറച്ച് ഐ എന്‍ എല്‍

Posted on: March 13, 2016 12:54 am | Last updated: March 13, 2016 at 12:54 am

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റെങ്കിലും ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് ഐ എന്‍ എല്‍. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട കാസര്‍കോട്, വേങ്ങര മണ്ഡലങ്ങള്‍ ഇത്തവണ വേണ്ടെന്ന് പാര്‍ട്ടി മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ കൂത്തുപറമ്പ്, കൊല്ലത്ത് ഇരവിപുരം, എന്നീ സീറ്റുകളും കോഴിക്കോട്, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ഓരോ സീറ്റുമാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് സൗത്തില്‍ ഐ എന്‍ എല്‍ മത്സരിക്കണമെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്. രണ്ട് സീറ്റ് ജയിക്കുന്ന സീറ്റുകള്‍ തന്നെ വേണമെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നു. കോഴിക്കോട് ജില്ലയില്‍ സൗത്ത് മണ്ഡലം ലഭിക്കണമെന്നാണ് പാര്‍ട്ടി ആവശ്യം.
സീറ്റുകളുടെ കാര്യത്തില്‍ മുന്നണി നേതൃത്വവുമായി ഒരു തവണ ചര്‍ച്ച നടത്തിയിരുന്നു. രണ്ടാംഘട്ട ചര്‍ച്ചയില്‍ സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഇന്നലെ കോഴിക്കോട് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച് ആലോചന നടന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന തലത്തില്‍ പാര്‍ലിമെന്ററി കമ്മിറ്റിക്ക് രൂപം നല്‍കി. ദേശീയ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനും എസ് എ പുതിയവളപ്പില്‍, എ പി അബ്ദുല്‍ വഹാബ്,ബി ഹംസഹാജി,എം എം മായിന്‍. എം എ ലത്വീഫ് എന്നിവര്‍ കണ്‍വീനര്‍മാരുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്. എല്ലാ നിയോജകമണ്ഡലങ്ങളിലും പാര്‍ട്ടി കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാനും അടിയന്തര പാര്‍ട്ടി കമ്മിറ്റികള്‍ കൂടാനും യോഗം തീരുമാനിച്ചു. പാര്‍ട്ടിയെ മുന്നണിയിലെത്തിക്കുന്ന കാര്യത്തില്‍ തീരുമാനം എത്രയും പെട്ടെന്ന് വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവര്‍കോവില്‍, എ പി അബ്ദുല്‍ വഹാബ്, ബി ഹംസഹാജി, എന്‍ കെ അബ്ദുല്‍ അസീസ്, കെ ടി ഇസ്മാഈല്‍, എം എം വഹാബ് ഹാജി, അലവി ഹാജി, എം എ ലത്വീഫ്, എ അസീസ് കടപ്പുറം പ്രസംഗിച്ചു.