Connect with us

National

സ്ഥാനക്കയറ്റത്തിന് സംവരണം അവകാശമല്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സംവരണം സംബന്ധിച്ച നയരൂപവത്കരണത്തിന് തയ്യാറല്ലെന്നും സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റത്തിന് സംവരണം അവകാശമല്ലെന്നും സുപ്രീം കോടതി. പട്ടികജാതി, വര്‍ഗ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം അവകാശമല്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പട്ടികജാതി, വര്‍ഗ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കേണ്ട ഭരണഘടനാ ബാധ്യതയില്ലെന്നാണ് കോടതിയുടെ നിലപാട്. എന്നാല്‍, സംവരണം സംബന്ധിച്ച് നയരൂപവത്കരണം നടത്തേണ്ടതും തീരുമാനമെടുക്കേണ്ടതും സര്‍ക്കാറുകളാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ജഡ്ജിമാരായ ദീപക്ക് മിശ്ര, പ്രഫുല്ല സി പന്ത് എന്നിവരുടെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉന്നതപദവികളില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാരുടെ പ്രാതിനിധ്യം കുറവാണെന്ന് ബോധ്യപ്പെട്ടാല്‍ സര്‍ക്കാറുകള്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം. നയങ്ങളുടെയും നിയമങ്ങളുടെയും സാധുത പരിശോധിക്കുക മാത്രമാണ് കോടതിയുടെ ജോലി എന്നിരിക്കെ ഇത്തരം ഉത്തരവ് നല്‍കുന്നത് നിയമനിര്‍മാണ സഭയുടെയും സര്‍ക്കാറിന്റെയും അധികാരത്തിന്മേലുള്ള കടന്നുകയറ്റമാകുമെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ ഉന്നതപദവികളില്‍ പട്ടികജാതി, വിര്‍ഗ വിഭാഗക്കാരുടെ പ്രാതിനിധ്യം കുറവാണെന്നും സ്ഥാനക്കയറ്റത്തിന് സംവരണം മാനദണ്ഡമാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ഉന്നത തസ്തികകളില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാന്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനായ കമ്മീഷനെ നിയമിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന ഹരജിയും സുപ്രീം കോടതി ഇതോടൊപ്പം തള്ളി.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest