എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റിന് ആവേശത്തുടക്കം

Posted on: March 12, 2016 12:22 am | Last updated: March 12, 2016 at 12:22 am
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫ്‌സമ്മിറ്റിന് തുടക്കം കുറിച്ച് സ്വാഗതസംഘം ചെയര്‍മാന്‍          സയ്യിദ് ഫസല്‍ തങ്ങള്‍ പതാക ഉയര്‍ത്തുന്നു
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫ്‌സമ്മിറ്റിന് തുടക്കം കുറിച്ച് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ തങ്ങള്‍ പതാക ഉയര്‍ത്തുന്നു

തൃശൂര്‍ : പ്രൊഫഷനല്‍ വിദ്യര്‍ഥികളുടെ ആത്മീയ ഉന്നമനം ലക്ഷ്യമാക്കി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫ്‌സമ്മിറ്റിന് വാടാനപ്പള്ളിയില്‍ തുടക്കം. മദാര്‍ ക്യാമ്പസില്‍ സജ്ജമാക്കിയ സദസ്സില്‍ വിവിധ കോളജുകളില്‍ നിന്നുള്ള 2000ല്‍ പരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സമ്മേളന നഗരി ചര്‍ച്ചകളും പഠനങ്ങളും കൊണ്ട് സമൃദ്ധമായി. പ്രൊഫ്‌സമ്മിറ്റിന് സാംസ്‌കാരിക ജില്ല ഇതാദ്യമായാണ് ആതിഥ്യമരുളുന്നതെന്നതിനാല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ജില്ലാ കമ്മിറ്റി ഒരുക്കിയത്.—
വിവിധ ക്യാമ്പസുകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത സമ്മേളന പ്രതിനിധികള്‍ ഇന്നലെ വൈകുന്നേരത്തോടെ മദാറിലെത്തി. ഇവര്‍ക്കുള്ള താമസം, ഭക്ഷണം എന്നിവയെല്ലാം സമ്മേളന നഗരിയില്‍ സജ്ജമാക്കിട്ടുണ്ട്. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് ത്രിദിന സമ്മേളനത്തിന് തുടക്കമായത്. ഖുര്‍ആന്‍ വെളിച്ചം എന്ന സെഷന് അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടിയും ജീവിതയാത്ര സെഷന് റഹ്മത്തുല്ല സഖാഫി എളമരവും നേതൃത്വം നല്‍കി.
ഇന്ന് രാവിലെ ഏഴിന് ഇസ്‌ലാം ലളിതം എന്ന വിഷയം അലി ബാഖവി ആറ്റുപുറം അവതരിപ്പിക്കും. തുടര്‍ന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ ആധികാരിക ശബ്ദങ്ങളായ നാല് ഇമാമുമാരെ കുറിച്ചുള്ള പീനത്തിന് ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം നേതൃത്വം നല്‍കും. 11ന് സമ്മേളനത്തിന്റെ ഔദ്യോഗികോദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന സംസ്ഥാനത്തെ കലാലയാനുഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള വിദ്യാര്‍ഥി സംവാദത്തില്‍ ബശീര്‍ ചെല്ലക്കൊടി മോഡറേറ്ററാകും.————
വൈകിട്ട് നാലിന് നടക്കുന്ന ഫാസിസം, തീവ്രവാദം സെമിനാറില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സി പി ജോണ്‍, കാസിം ഇരിക്കൂര്‍, മുസ്തഫ പി എറയ്ക്കല്‍ പ്രസംഗിക്കും. ഏഴിന് ചോദ്യോത്തര സെഷനില്‍ ഫൈസല്‍ അഹ്‌സനി ഉളിയിലും സജീര്‍ ബുഖാരിയും വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയും. എന്‍ എം സ്വാദിഖ് സഖാഫി ജീവിതവിശുദ്ധി എന്ന വിഷയത്തില്‍ ക്ലാസെടുക്കും. ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ ആത്മീയോപദേശത്തിന് ശേഷം പ്രവാചക പ്രകീര്‍ത്തനം നടക്കും.
നാളെ വിവിധ സെഷനുകള്‍ക്ക് ശേഷം സയ്യിദ് വി പി എ തങ്ങള്‍ ദാരിമിയുടെ ആത്മീയ പ്രഭാഷണത്തോടെ പ്രൊഫ്‌സമ്മിറ്റിന് സമാപനമാകും.