രണ്ട്തവണ മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കാന്‍ സി പി ഐ

Posted on: March 12, 2016 6:00 am | Last updated: March 12, 2016 at 12:19 am

cpiതിരുവനന്തപുരം : തുടര്‍ച്ചയായി രണ്ട്തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന നിലപാടില്‍ ഇളവ് നല്‍കാന്‍ സി പി ഐ. ജയസാധ്യതയുള്ളവരാണെങ്കില്‍ അവരെ വീണ്ടും പരിഗണിക്കാമെന്നാണ് തീരുമാനം. ജില്ലാ കൗണ്‍സിലുകള്‍ ഇവരുടെ പേര് നിര്‍ദേശിക്കട്ടേയെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവും സംസ്ഥാന കൗണ്‍സിലും തീരുമാനിച്ചു. ഓരോ ജില്ലയിലും ഈ ഗണത്തില്‍ വരുന്നവരുടെ പട്ടിക ജില്ലാ കൗണ്‍സിലുകള്‍ കൈമാറും. രണ്ട് തവണ മത്സരിച്ചവര്‍ക്ക് അവസരം നല്‍കേണ്ടെന്നു സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചതായാണ് സി പി ഐയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വിജയസാധ്യത കണക്കിലെടുത്ത് ആര്‍ക്കെങ്കിലും ഇളവ് നല്‍കണോയെന്ന കാര്യം പരിശോധിക്കാന്‍ ജില്ലാ കൗണ്‍സിലുകളെ ചുമതലപ്പെടുത്തിയതായും സി പി ഐ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.രണ്ട്തവണ മത്സരിച്ചവര്‍ക്ക് വിജയസാധ്യത മാനദണ്ഡമാക്കി വീണ്ടും അവസരം നല്‍കണമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു. പിന്നീട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലും ഈ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.
എതിര്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും ഭൂരിപക്ഷവും ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടു. പാര്‍ട്ടി സംസ്ഥാന സമ്മേളനം പാസ്സാക്കിയ പ്രമേയത്തിലെ തീരുമാനം തിരുത്തേണ്ട സാഹചര്യമില്ലെന്നും അഭിപ്രായം ഉയര്‍ന്നു. അതതു കൗണ്‍സിലുകള്‍ നിര്‍ദേശിച്ചാല്‍ നിലവിലെ എം എല്‍ എമാരില്‍ പല പ്രമുഖര്‍ക്കും വീണ്ടും അവസരം ലഭിച്ചേക്കും. സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ഇ എസ് ബിജിമോള്‍, വി എസ് സുനില്‍കുമാര്‍, കെ രാജു, കെ അജിത് തുടങ്ങിയവരാണ് രണ്ട് ടേം കാലാവധി പൂര്‍ത്തിയാക്കിയവര്‍. സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയതോടെ ഇവരില്‍ ഏറെപ്പേരും മത്സരരംഗത്തുണ്ടാകും. സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു. പാര്‍ട്ടിക്ക് സ്വാധീനമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ മുന്നണി നേതൃത്വത്തോട് ആവശ്യപ്പെടണമെന്ന് ചിലര്‍ വാദിച്ചു. 28ന് സംസ്ഥാന എക്‌സിക്യൂട്ടീവും 29ന് കൗണ്‍സിലും ചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമരൂപം നല്‍കുമെന്നും സി പി ഐ സംസ്ഥാന നേതൃത്വം അറിയിച്ചു.