കേസില്‍ കുടുക്കിയതാണെന്ന് സല്‍മാന്‍ ഖാന്‍

Posted on: March 11, 2016 9:56 am | Last updated: March 11, 2016 at 9:56 am

salman khanജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. 1998ലെ കേസില്‍ ഇന്നലെ കോടതിയില്‍ മൊഴി നല്‍കുന്നതിനിടെയാണ് സല്‍മാന്‍ ഖാന്‍ ഇങ്ങനെ പറഞ്ഞത്. താന്‍ ഒരിന്ത്യക്കാരനാണെന്നും അതുതന്നെയാണ് തന്റെ സമുദായം എന്നും പറഞ്ഞ് കൊണ്ടാണ് സല്‍മാന്‍ ഖാന്‍ കോടതിയില്‍ സംസാരിച്ച് തുടങ്ങിയത്.
തന്റെ നിര്‍ദേശ പ്രകാരമാണ് ആയുധവുമായി മുംബൈയില്‍ നിന്ന് കങ്കാണി ഗ്രാമത്തില്‍ എത്തിയതെന്ന് സാക്ഷി ഉദയ് രാഘവന്‍ സാക്ഷിമൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ മൊഴി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയായിരുന്നുവെന്നാണ് സല്‍മാന്‍ ഖാന്‍ ജോധ്പൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പറഞ്ഞത്. കേസിലെ മറ്റ് രണ്ട് സാക്ഷികളായ ശിവ് ചരണ്‍ ബോറ, പണ്ഡിറ്റ് വിജയ് നാരായണ്‍ എന്നിവരുടെ മൊഴികളെയും സല്‍മാന്‍ ഖാന്‍ നിഷേധിച്ചു. 2014 ജനുവരി 29, 2015 ഏപ്രില്‍ 29 എന്നിങ്ങനെ രണ്ട് തവണ ഇതിന് മുമ്പ് സല്‍മാന്‍ ഖാന്‍ കോടതിയിലെത്തി ഈ കേസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
വാദങ്ങള്‍ സമര്‍ഥിക്കാന്‍ സാക്ഷികളെയോ തെളിവുകളോ ഹാജരാക്കാന്‍ സല്‍മാന് കോടതി അവസരം നല്‍കിയതാണെന്നും അതിന് അദ്ദേഹം തയ്യാറാകുന്നില്ലെങ്കില്‍ കേസ് അന്തിമവാദത്തിന് വിടണമെന്നും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിനേഷ് തിവാരി പറഞ്ഞു. കേസില്‍ അടുത്ത മാസം നാലിന് വാദം തുടരും.