ഐ സി സി ഇടപെട്ടു; ഇന്ത്യ-പാക് മത്സരം കൊല്‍ക്കത്തയില്‍

Posted on: March 10, 2016 10:06 am | Last updated: March 10, 2016 at 10:06 am

t20 world cup 2016ന്യൂഡല്‍ഹി: ഐ സി സി ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം ധര്‍മശാലയില്‍ തന്നെ നടക്കുമെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ അറിയിച്ച് മണിക്കൂറുകളാകും മുമ്പെ വേദി കൊല്‍ക്കത്തയിലേക്ക് മാറ്റാന്‍ ഐ സി സി തീരുമാനം.

ഈ മാസം പത്തൊമ്പതിനാണ് മത്സരം. ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സുരക്ഷയൊരുക്കുന്നതിലുള്ള വൈഷമ്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അനിശ്ചിതത്വമുണ്ടായത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തൃപ്തി അറിയിച്ചെങ്കിലും ഐ സി സി ഇടപെട്ട് വേദി മാറ്റുകയായിരുന്നു.

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരികെ ലഭ്യമാകുമെന്നും ഈഡന്‍ ഗാര്‍ഡനില്‍ ചെന്ന് കളി കാണാന്‍ താത്പര്യമുള്ളവര്‍ക്ക് നിലവിലെ ടിക്കറ്റ് പ്രത്യേക കൗണ്ടറില്‍ നിന്ന് മാറ്റിവാങ്ങാനുള്ള സൗകര്യമൊരുക്കുമെന്നും ഐ സി സി സി ഇ ഒ ഡേവ് റിചാര്‍ഡ്‌സന്‍ അറിയിച്ചു.ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സുരക്ഷയൊരുക്കുന്നില്ലെങ്കില്‍ കേന്ദ്ര സേനയെ ഇറക്കാനായിരുന്നു ബി സി സി ഐ ആലോചിച്ചിരുന്നത്.

മത്സരം ധര്‍മശാലയില്‍ തന്നെ നടത്തുകയെന്നത് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അഭിമാനപ്രശ്‌നമായി കാണുകയും ചെയ്തു. എന്നാല്‍, സുരക്ഷയുടെ കാര്യത്തില്‍ ഞാണിന്‍മേല്‍ കളിക്കില്ലെന്നതായിരുന്നു ഐ സി സി നിലപാട്.
മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന ഐ സി സി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതരുടെയും ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെയുമൊക്കെ അഭിപ്രായം തേടി.
പാക്കിസ്ഥാന്റെ ക്രിക്കറ്റ് ടീമിന് സുരക്ഷയൊരുക്കുന്നതോടൊപ്പം ഹിമാചല്‍പ്രദേശിലെ സാധാരണ ജനജീവിതം ദുസ്സഹമാകാതെ നോക്കേണ്ടതുണ്ടെന്നും ഐ സി സി വിലയിരുത്തി.

ഐ സി സി ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം പാക്കിസ്ഥാന്‍ തീവ്രവാദി അസ്ഹര്‍ മസൂദിന്റെ തലയെടുക്കണമെന്ന് മുന്‍ സൈനികരുടെ സംഘടന ആവശ്യപ്പെട്ടതോടെയാണ് വേദി സംബന്ധിച്ച അനിശ്ചിതത്വം ആരംഭിച്ചത്. വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്താന്‍ സാധിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്കയക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും സംസ്ഥാനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞതോടെ ഇന്ത്യ-പാക് ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും ചൂടുപിടിച്ചു.

കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗ് അവസാന നിമിഷം രാഷ്ട്രീയം കളിക്കുകയാണെന്ന് താക്കൂര്‍ ആരോപിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് നിശ്ചയിക്കുകയും ആറ് മാസം മുമ്പ് സര്‍ക്കാറിന്റെ അനുമതി പത്രം വാങ്ങുകയും ചെയ്തിരുന്നു.
അന്നൊന്നും ഇല്ലാത്ത എതിര്‍പ്പ് പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടത് കോണ്‍ഗ്രസിന്റെ ബി ജെ പി വിരുദ്ധ രാഷ്ട്രീയമാണെന്ന് ബി ജെ പി എം പി കൂടിയായ ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി.