ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു; മൗനം പാലിച്ച് ഇസ്‌റാഈല്‍

Posted on: March 10, 2016 9:51 am | Last updated: March 10, 2016 at 9:51 am

missileടെഹ്‌റാന്‍: ഇറാന്‍ കഴിഞ്ഞ ദിവസം രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണിത്. മിസൈലുകളില്‍ ‘ഇസ്‌റാഈല്‍ തുടച്ചു നീക്കേണ്ട’താണെന്ന് എഴുതിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇത്തരം എഴുത്തുകള്‍ മിസൈല്‍ പരീക്ഷിക്കുന്നതിന് മുമ്പ് മിസൈലുകളില്‍ നടത്താറുണ്ട്. എന്നാല്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ആണവ കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. കരാറിന് വിരുദ്ധമായി ഇറാന്‍ സൈന്യം റോക്കറ്റുകളും മിസൈലുകളും പരീക്ഷിക്കുകയാണെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ആണവ കരാറിനെ രൂക്ഷമായി എതിര്‍ത്ത് ഇസ്‌റാഈലിന്റെ ഭാഗത്ത് നിന്നും പുതിയ പരീക്ഷണങ്ങളില്‍ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഖ്വദര്‍ എച്ച് വിഭാഗത്തില്‍പെട്ട മിസൈലുള്‍ പരീക്ഷിച്ചതിന്റെ ചിത്രങ്ങള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന് ഫാര്‍സ് വാര്‍ത്താ ഏജന്‍സിയിലെ പ്രതിനിധി പറയുന്നു. ഇറാന്റെ കഴിക്കന്‍ പര്‍വത നിരയായ അല്‍ബോര്‍സ് പര്‍വത നിരയില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ക്ക് 1400 കിലോമീറ്റര്‍ സഞ്ചാരശേഷിയുണ്ടെന്നും ഈ മിസൈലുകള്‍ ഒമാന്റെ അധീനതയിലുള്ള കടലിലാണ് പതിച്ചതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ മേഖലയില്‍ അഞ്ചാമത് ഫഌറ്റ് നടത്തുന്ന യു എസ് നാവിക സേന ഈ വാദത്തെ നിരസിച്ചു.

ഇസ്‌റാഈലിന്റെ പ്രതികരണം അറിയാനാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് റെവല്യൂഷനറി ഗാര്‍ഡ്‌സ് എയര്‍സ്‌പേസ് ഡിവിഷന്‍ മേധാവി ആമിര്‍ അലി ഹാജിസ്താഹെവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രലയം സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.