സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ല; എം എല്‍ എമാര്‍ ഒറ്റക്കെട്ട്

Posted on: March 10, 2016 9:20 am | Last updated: March 10, 2016 at 9:20 am

congressതിരുവനന്തപുരം:കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ സിറ്റിംഗ് സീറ്റുകളില്‍ ഒന്നിലധികം പേരുകള്‍ നിര്‍ദേശിച്ചതിനെതില്‍ എം എല്‍ എമാര്‍ക്ക് പ്രതിഷേധം. ഗ്രൂപ്പ് ഭേദമന്യെ എം എല്‍ എമാരെല്ലാം ഇക്കാര്യത്തില്‍ സംഘടിച്ച് സുധീരനെതിരെ പടയൊരുക്കുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ വസതിയില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു. സിറ്റിംഗ് സീറ്റുകളില്‍ കൂടുതല്‍ പേരുകള്‍ ഉള്‍പ്പെടുത്തരുതെന്ന പൊതുധാരണ ലംഘിച്ചെന്നാണ് എം എല്‍ എമാരുടെ പരാതി. അനാവശ്യ തര്‍ക്കത്തിന് വഴിവെക്കുമെന്നും ജയസാധ്യതയെ പോലും ബാധിക്കും വിധം വിമതരെ ക്ഷണിച്ച് വരുത്തുമെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ സീറ്റില്‍ ഇരുവരെയും നിലനിര്‍ത്തി ബാക്കിയുള്ള സീറ്റുകളില്‍ നാലിലേറെ പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള സാധ്യതാപട്ടികയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ ഇന്നലെ യോഗം ചേര്‍ന്നത്. സിറ്റിംഗ് സീറ്റുകളില്‍ ഒന്നിലധികം പേരുകള്‍ നിര്‍ദേശിച്ചത് ശരിയായില്ലെന്ന് യോഗം വിലയിരുത്തി. സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്നും തങ്ങളുടെ അക്കൗണ്ടില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തുമെന്നും ഐ ഗ്രൂപ്പ് നിലപാടെടുത്തു.

ഇക്കാര്യത്തില്‍ എ ഗ്രൂപ്പും സമാന നിലപാടില്‍ തന്നെയാണ്.
സ്ഥാനാര്‍ഥി നിര്‍ണയം വൈകിപ്പിക്കുന്നതില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ യോഗത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. സാധ്യത പട്ടിക നീട്ടി നീട്ടി സ്ഥാനാര്‍ഥി നിര്‍ണയം വൈകിപ്പിക്കുകയാണ്. ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. സുധീരന്‍ ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. സി പി എം അടുത്താഴ്ച സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. കോണ്‍ഗ്രസില്‍ ഇപ്പോഴും ആളുകളുടെ കണക്കെടുക്കുകയാണ്. ഇങ്ങനെ ദീര്‍ഘിപ്പിക്കുന്നത് ഉചിതമാവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കഴിഞ്ഞ തവണ മല്‍സരിച്ചവരെല്ലാം ഇത്തവണയും മല്‍സരിക്കുമെന്നും സീറ്റ് വിട്ടുകൊടുക്കേണ്ടെന്നും യോഗത്തില്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി.

സി എന്‍ ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ ഇത്തവണ മത്സരിക്കില്ലെന്ന് പ്രചാരണമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തില്ല. നിലവില്‍ ആരും മത്സര രംഗത്തു നിന്ന് പിന്മാറുന്നില്ല. അത്തരമൊരു സാഹചര്യമുണ്ടായാല്‍ അറിയിക്കാമെന്നും ചെന്നിത്തല അറിയിച്ചു. ഘടകക്ഷികള്‍ വിട്ടുപോയ സീറ്റുകളില്‍ ചിലത് ഐ ഗ്രൂപ്പിന് വേണമെന്നും ആവശ്യമുയര്‍ന്നു. ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കും. രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, സി എന്‍ ബാലകൃഷ്ണന്‍, വി എസ് ശിവകുമാര്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.