വെസ്റ്റ് ബേ ഷട്ടില്‍ ബസ് സര്‍വീസിന് ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക്‌

Posted on: March 9, 2016 8:09 pm | Last updated: March 9, 2016 at 8:09 pm

busദോഹ: വെസ്റ്റ് ബേ ഷട്ടില്‍ ബസ് സര്‍വീസിന് ഏപ്രില്‍ ഒന്നു മുതല്‍ ടിക്കറ്റ് നിരക്ക് നല്‍കണം. കൂടുതല്‍ പ്രദേശങ്ങളേലേക്കു കൂടി വ്യാപിപ്പിക്കുന്ന സര്‍വീസ് ഒരു വര്‍ഷത്തേക്കു കൂടി നീട്ടുന്നതിന് മുവാസലാത്തിന് കരാര്‍ പുതുക്കിയതായി ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഈ പ്രദേശത്ത് പബ്ലക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുയുമാണ് കൂടതല്‍ പ്രദേശം കൂട്ടിച്ചേര്‍ത്ത് സര്‍വീസ് നിലനിര്‍ത്തുന്നത്. രാവില ആറു മുതല്‍ രാത്രി ഒമ്പതു വരെ ഓരോ 12 മിനിറ്റിലുമുള്ള സര്‍വീസ് ഒറ്റ റൂട്ടായി പരിഷ്‌കരിച്ചിട്ടുമുണ്ട്. ബ്ലൂ, റെഡ് ലൈന്‍ റൂട്ടുകളായി നടന്നു വന്ന സര്‍വീസ് ഇനി ഒറ്റ റൂട്ട് മാത്രമായിരിക്കും. ബസ് സ്റ്റോപ്പുകളിലും മാറ്റം വരും. വെസ്റ്റ് ബേ ഷട്ടില്‍ സര്‍വീസ് ഉപയോഗപ്പെടുത്തിയിരുന്ന യാത്രക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമാണ് മാറ്റം വരുത്തുനനതെന്ന് മന്ത്രാലയം അറിയിപ്പില്‍ പറയുന്നു. ഒറ്റ റൂട്ടാക്കി മാറ്റുന്നതോടെ യാത്രാ ക്ലേശവും ഗതാഗതക്കുരുക്കും കുറക്കാനാകുമെന്നും ബസുകള്‍ക്ക് സമയം പാലിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.
നേരത്തേ 20 മിനിറ്റുകള്‍ക്കിടയിലുള്ള സര്‍വീസുകളുടെ ഇടവേള കുറച്ചാണ് 12 മിനിറ്റാക്കുന്നത്. സര്‍വീസ് മെച്ചപ്പെടുത്തുന്നതിനായി പുതിയ എട്ട് ലോ ഫ്‌ളോര്‍ ബസുകള്‍ ഉപയോഗിക്കും. പ്രതിദിനം 76 ട്രിപ്പുകളാണ് നടത്തുക. റൂട്ടുകള്‍ സംയോജിപ്പിച്ചതിലൂടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്‌സ്, ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, ദഫ്‌ന ടവേഴ്‌സ്, മിനിസ്ട്രി ഓഫ് ജസ്റ്റീസ്, പബ്ലിക് വര്‍ക്‌സ് അതോറിറ്റി, ഷെറാട്ടണ്‍ ദോഹ ഹോട്ടല്‍, സിറ്റി സെന്റര്‍ ഷോപ്പിംഗ് മാള്‍, ഖത്വര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനി, മിനീസ്റ്റീരിയല്‍ ബില്‍ഡിംഗ്‌സ് എന്നീ പ്രദേശങ്ങളിലൂടെയാണ് സൗജന്യ ഷട്ടില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് യാത്രാ സൗകര്യം എളുപ്പമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഷട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചതെന്നും സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുവാഹനങ്ങള്‍ ഉപയോഗിക്കുക എന്ന സംസ്‌കാരം വളര്‍ത്തുകകൂടി ലക്ഷ്യമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. യാത്രക്കാര്‍ തുടര്‍ന്നും യാത്രക്കാര്‍ തുടര്‍ന്നും തങ്ങളുടെ കര്‍വ സ്മാര്‍ട്ട്കാര്‍ഡ് ഉപയോഗിച്ചു തന്നെ യാത്ര ചെയ്യണമെന്നും മുവാസലാത്ത് അറിയിച്ചു.