അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളേക്കാള്‍ കൂടുതല്‍ ഉയരുന്നത് വില്ലകള്‍

Posted on: March 9, 2016 7:59 pm | Last updated: March 10, 2016 at 7:46 pm

Doha-in-Qatar-007ദോഹ: രാജ്യത്ത് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളേക്കാള്‍ കൂടുതല്‍ നിര്‍മിക്കുന്നത് വില്ലകള്‍. നഗരസഭകള്‍ അനുമതി നല്‍കിയ താമസ കെട്ടിട അനുമതി റിപ്പോര്‍ട്ട് ഇത് തെളിയിക്കുന്നു. കഴിഞ്ഞ മാസം വിവിധ മുനിസിപ്പാലിറ്റികള്‍ അനുമതി നല്‍കിയ 343 കെട്ടിടങ്ങളില്‍ 198 എണ്ണവും വില്ലകള്‍ക്കാണ്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ അനുമതികളില്‍ 67 ശതമാനം വരുമിത്.
ഇതില്‍ 19 ശതമാനം അനുമതി സ്വദേശികളുടെ വീടുനിര്‍മാണത്തിനാണ്. പത്ത് ശതമാനം മാത്രമാണ് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍ക്കുള്ളത്. അല്‍ റയ്യാനിലാണ് കൂടുതല്‍ വില്ലകള്‍ക്ക് അനുമതി (55 എണ്ണം) നല്‍കിയത്. അല്‍ ദായിന്‍ 47, ദോഹ 28, അല്‍ വക്‌റ, ഉം സലാല്‍ 26 വീതം, അല്‍ ഖോര്‍ 15, അല്‍ ശമാല്‍ ഒന്ന് എന്നിങ്ങനെയാണ് വില്ലകള്‍ക്ക് അനുമതി നല്‍കിയത്. അപ്പാര്‍ട്ട്‌മെന്റ് കെട്ടിട അനുമതികളില്‍ ദോഹയാണ് മുന്നില്‍; 22 എണ്ണം. അല്‍ റയ്യാനില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിട പ്രൊജക്ടും ഇല്ല. അല്‍ വക്‌റ, അല്‍ ദായിന്‍, അല്‍ ഖോര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും ഉംസലാലില്‍ ഒന്നും അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
മൊത്തം കെട്ടിട നിര്‍മാണ അനുമതികളില്‍ 56 ശതമാനം പുതിയ പദ്ധതികളാണ്. 41 ശതമാനം വീടുകളില്‍ ഘടനാപരമായ മാറ്റം വരുത്താനാണ്. മൂന്ന് ശതമാനം മതില്‍ നിര്‍മാണത്തിനും മറ്റുമാണ്. അതേസമയം, അനുമതികളുടെ എണ്ണം മൊത്തം യൂനിറ്റുകളുടെയോ കെട്ടിടങ്ങളുടെയോ എണ്ണത്തെയല്ല കാണിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒന്നിലേറെ വില്ലക്കോ മൊത്തം റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിനോ ഒറ്റ അനുമതി മതിയാകും. താമസയിതര കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 48 അനുമതികളാണ് കഴിഞ്ഞ മാസം നല്‍കിയത്. 21 എണ്ണം ഫാക്ടറികള്‍ക്കും വര്‍ക്‌ഷോപ്പുകള്‍ക്കുമാണ്. 15 എണ്ണമാണ് വാണിജ്യ കെട്ടിടങ്ങള്‍. മസ്ജിദുകള്‍ക്ക് ആറും പൊതു കെട്ടിടങ്ങള്‍ക്ക് നാലും അനുമതി നല്‍കി. ഏറ്റവും കൂടുതല്‍ അനുമതികള്‍ നല്‍കിയത് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയാണ്. 194 അനുമതികളാണ് നല്‍കിയത്. ദോഹ 156, അല്‍ ദായീന്‍ 85, അല്‍ വക്‌റ 73, ഉം സലാല്‍ 44 എന്നിങ്ങനെയാണ് അനുമതികളുടെ കണക്ക്.