വനിതാ ദിനത്തില്‍ പാര്‍ലിമെന്റിനെ ‘ഞെട്ടിച്ച്’ എം പിയുടെ ഹാര്‍ളി യാത്ര

Posted on: March 9, 2016 12:26 am | Last updated: March 9, 2016 at 12:26 am
ഹാര്‍ളി ഡേവിഡ്‌സണിലെത്തിയ രഞ്ജീത് രഞ്ജന്‍
ഹാര്‍ളി ഡേവിഡ്‌സണിലെത്തിയ രഞ്ജീത് രഞ്ജന്‍

ന്യൂഡല്‍ഹി: ലോക വനിതാ ദിനമായ ഇന്നലെ പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ബി ജെ പി. എം പി ഹേമാ മാലിനിയും മറ്റും സ്ത്രീസംവരണത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, പുറത്ത് മുരളുന്ന മോട്ടോര്‍ സൈക്കിളില്‍ എത്തി സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം ഒരു നിമിഷം സ്തബ്ധരാക്കുകയായിരുന്നു മറ്റൊരു വനിത.
2001ലെ പാര്‍ലിമെന്റ് ആക്രണത്തിന് ശേഷം പാര്‍ലിമെന്റ് വളപ്പില്‍ പ്രവേശിക്കുന്നതിന് വാഹനങ്ങള്‍ക്ക് പ്രത്യേക സ്റ്റിക്കര്‍ നിര്‍ബന്ധമാണ്. ഇതൊന്നുമില്ലാതെയാണ് ‘കൂളായി’ ഒരു വനിത മോട്ടോര്‍ സൈക്കിളുമായി പാര്‍ലിമെന്റിന് പുറത്തെത്തിയത്. എല്ലാവരും നോക്കിനില്‍ക്കെ ഹെല്‍മറ്റും സണ്‍ഗ്ലാസും ധരിച്ച് ഓറഞ്ച് നിറത്തിലുള്ള ഹാര്‍ളി ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങിവന്നത് ബീഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി രഞ്ജീത് രഞ്ജനായിരുന്നു.
സ്വന്തം കാശ് കൊണ്ട് വാങ്ങിയ വിലപിടിപ്പുള്ള ബൈക്കില്‍ തൊടുന്നത് പോലും വീട്ടുകാര്‍ അനുവദിക്കാറില്ലെന്നും വനിതാ ദിനത്തില്‍ കിട്ടിയ പ്രത്യേക അനുമതിയുമായാണ് താന്‍ എത്തിയതെന്നുമാണ് രഞ്ജന്‍ പറഞ്ഞത്. ബീഹാറില്‍ നിന്നുള്ള മറ്റൊരു എം പി പപ്പു യാദവിന്റെ ഭാര്യയാണ് രഞ്ജന്‍. പുതിയ ബൈക്കായതിനാല്‍ പാര്‍ലിമെന്റ് വളപ്പില്‍ പ്രവേശിക്കുന്നതിന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ നല്‍കിയ പ്രത്യേക അനുമതിയുമായാണ് രഞ്ജന്‍ പിന്നീട് സഭക്കകത്ത് കടന്നത്. ഊര്‍ജസ്വലമായ പ്രസംഗങ്ങളാല്‍ ശ്രദ്ധേയയായ രഞ്ജീത് രഞ്ജന്‍ വനിതാവകാശ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.