തനിച്ചു മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഐ എന്‍ എല്‍

Posted on: March 9, 2016 5:09 am | Last updated: March 9, 2016 at 8:53 am

കാസര്‍കോട്: നിയമസഭാതിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ തനിച്ചുമത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് ഐ എന്‍ എല്‍ നേതൃത്വം.
മത്സരിക്കുന്ന സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ വ്യക്തതയുണ്ടാകുമെന്ന് ഐ എന്‍ എല്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
അതിനിടെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി തന്നെ മത്സരിപ്പിക്കുകയാണെന്ന രീതിയിലുള്ള പ്രചാരണം നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ അജിത്കുമാര്‍ ആസാദ് നിഷേധിച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് താന്‍ നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നിട്ടും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുമുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.