എംബസിക്കു മുന്നില്‍ അഭയം തേടിയ മലയാളി യുവാവ് നാട്ടിലേക്കു തിരിച്ചു

Posted on: March 8, 2016 7:58 pm | Last updated: March 9, 2016 at 8:16 pm
തസ്മീറിന് കള്‍ച്ചറല്‍ ഫോറം അംഗം ശറഫുദ്ദീന്‍ ഉപഹാരം നല്‍കുന്നു
തസ്മീറിന് കള്‍ച്ചറല്‍ ഫോറം അംഗം ശറഫുദ്ദീന്‍ ഉപഹാരം നല്‍കുന്നു

ദോഹ: നാട്ടില്‍ പോകാനായി എംബസിക്കു മുന്നില്‍ അഭയം തേടിയ മലയാളി യുവാവ് ഒടുവില്‍ നാട്ടിലേക്കു തിരിച്ചു. അസുഖം കാരണം ജോലിയില്‍ തുടരാന്‍ കഴിയാതെ വരികയും സ്‌പോണ്‍സര്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് എംബസിക്കു മുന്നിലെത്തിയ തസ്മീര്‍ ആണ് കഴിഞ്ഞ ദിവസം എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്കു പോയത്.
കൊച്ചിന്‍ ഷിപ്പിയാഡില്‍ ജോലി ചെയ്തിരുന്ന തസ്മീറിന് അനാരോഗ്യം കാരണം അവിടെ ജോലി തുടരാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഒമ്പതു മാസം മുമ്പ് ഖത്വറിലെത്തിയത്. ഭാരമുളള ജോലി കഴിയാത്തതിനാല്‍ അറബി വീട്ടിലെ ജോലിക്കാണ് എത്തിയത്. എന്നാല്‍ ഈ ജോലിയും എടുക്കാനാകാതെ വന്നപ്പോഴാണ് നാട്ടില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. സ്‌പോണ്‍സര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എംബസിക്ക് സമീപമുളള താത്കാലിക ഷെഡില്‍ അഭയം തേടി. കനത്ത മഴയെ തുടര്‍ന്ന് താത്കാലിക ഷെഡ് തകരുകയും കിടന്നുറങ്ങാന്‍ സൗകര്യമില്ലാതെ ഇദ്ദേഹം ഉള്‍പ്പെടെ തൊഴിലാളികള്‍ പ്രായസപ്പെടുന്നതായി മാധ്യമ പ്രവര്‍ത്തകര്‍ സാമൂഹിക പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തി.
തുടര്‍ന്ന് കള്‍ച്ചറല്‍ ഫോറം പ്രതിനിധി മുഹമ്മദ് കുഞ്ഞി തായിലാണ്ടിയുടെ നേതൃത്വത്തിലുളള സംഘം താത്കാലിത താമസ സൗകര്യം ഒരുക്കി. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് യാത്ര രേഖകള്‍ ശരിയാക്കി കഴിഞ്ഞ ദിവസം തസ്മീറിനെ ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ നിന്നും നാട്ടിലേക്ക് അയക്കുകയായിരുന്നു. എംബസി ടിക്കറ്റ് നല്‍കി. കള്‍ച്ചറല്‍ ഫോറം ഉപഹാരം ശറഫുദ്ദീന്‍ തസ്മീറിന് കൈമാറി.