സ്ഥാനാര്‍ഥികളായില്ലെങ്കിലും മുന്നണികള്‍ മത്സരിച്ച് ചുവരെഴുത്ത്

Posted on: March 8, 2016 1:20 pm | Last updated: March 8, 2016 at 1:20 pm

wall paintingപാലക്കാട്: തിരഞ്ഞെടുപ്പിനു രണ്ടു മാസം ബാക്കിയുണ്ടെങ്കിലും ചുവരെഴുത്തിനു സ്ഥലം തേടി രാഷ്ട്രീയ പാര്‍ട്ടികളുടെ നെട്ടോട്ടം. സ്ഥാനാര്‍ഥികളുടെ പേര് ഒഴിച്ചിട്ട് കോണ്‍ഗ്രസും ബിജെപിയും ചുവരെഴുത്ത് തുടങ്ങി. പാലക്കാട്, ചിറ്റൂര്‍, നെന്മാറ മണ്ഡലങ്ങളിലാണ് ചുവരെഴുത്ത് സജീവമായത്.
ഒലവക്കോട് ഭാഗത്ത് പലയിടത്തും കോണ്‍ഗ്രസും ബി ജെ പിയും മത്സരിച്ചാണ് ചുവരെഴുത്ത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പേ തന്നെ പാര്‍ട്ടിക്കാര്‍ ചുവരുകള്‍ ബുക്ക് ചെയ്യാന്‍ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ചുവരെഴുത്തും തുടങ്ങി. ബാനര്‍ എഴുതാനും ആളുകളെ ഏല്‍പിച്ചു തുടങ്ങി. സ്ഥാനാര്‍ഥികളാകാന്‍ താല്‍പര്യമുള്ളവര്‍ അവരുടെ പേരെഴുതി പോസ്റ്റര്‍ അടിച്ചു തുടങ്ങിയെന്നും വിവരമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചുവരെഴുത്തിനും പോസ്റ്റര്‍, ബാനര്‍ പോലുള്ള പ്രചാരണ പരിപാടികള്‍ക്കും തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്കുണ്ട്. സ്വകാര്യ വ്യക്തികളുടെ വസ്തുവകകളില്‍ ഉടമകളുടെ അനുമതിപത്രം വാങ്ങിയശേഷമേ പ്രചാര ഉപാധികള്‍ സ്ഥാപിക്കാവൂ. രാഷ്ട്രീയ പാര്‍ട്ടികളോ പ്രവര്‍ത്തകരോ സ്ഥാനാര്‍ഥികളോ പൊതുസ്ഥലങ്ങളിലും വ്യക്തികളുടെ വസ്തുവകകളിലും അനധികൃതമായി ചുവരെഴുതുകയോ പോസ്റ്ററുകള്‍, ബാനറുകള്‍, ചിഹ്നങ്ങള്‍ പതിക്കുകയോ ചെയ്താല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കേണ്ടിവരും. സര്‍ക്കാര്‍ ഓഫിസിലോ സ്ഥാപനങ്ങളിലോ അവയുടെ വളപ്പിലോ ചുവരെഴുത്തോ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കലോ പാടില്ല. പ്രചാരണ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ പ്രത്യേക പൊതു സ്ഥലം നീക്കിവച്ചിട്ടുണ്ടെങ്കില്‍ അവ ഉപയോഗിക്കാന്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തുല്യപരിഗണന നല്‍കണം. സര്‍ക്കാര്‍ പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍, യോഗസ്ഥലങ്ങള്‍ എന്നിവ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു യോഗം ചേരാന്‍ നിയമതടസ്സമില്ലെങ്കില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യപ്രാതിനിധ്യം കൊടുക്കണം.
യോഗം അവസാനിച്ചാലുടന്‍ ബന്ധപ്പെട്ട ബാനറുകളും മറ്റും നീക്കംചെയ്യണം. നിര്‍ദേശം ലംഘിച്ച് ഏതെങ്കിലും പാര്‍ട്ടിയോ വ്യക്തിയോ സ്ഥാനാര്‍ഥിയോ സംഘടനയോ പരസ്യങ്ങള്‍ പതിച്ചാല്‍ ബന്ധപ്പെട്ട വരണാധികാരിയോ ജില്ലാ ഇലക്ഷന്‍ ഓഫിസറോ അത്തരക്കാര്‍ക്കു നോട്ടീസ് നല്‍കും. എന്നിട്ടും നീക്കാതിരുന്നാല്‍ നടപടികള്‍ ജില്ലാ അധികാരികള്‍ നേരിട്ടു നടത്തുകയും ചെലവ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.