മലമ്പുഴയില്‍ ജലവിതാനം താഴ്ചയിലേക്ക്; കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു

Posted on: March 8, 2016 1:16 pm | Last updated: March 8, 2016 at 1:16 pm

malampuzhaപാലക്കാട്: ജില്ലയിലെ പ്രധാന ജലസ്രോതസ്സായ മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് സൂചന. പത്തുലക്ഷം പേര്‍ക്ക് കുടിവെള്ളം നല്‍കുന്ന മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍നിന്നുള്ള നീരൊഴുക്ക് നിലച്ചിട്ട് ഒരു മാസത്തോളമായി.

സംസ്ഥാനത്ത് മാര്‍ച്ചോടെതന്നെ വേനല്‍ കനത്ത സാഹചര്യത്തില്‍ വരാനിരിക്കുന്ന കൊടും വരള്‍ച്ചയുടെ സൂചനയായാണ് അണക്കെട്ടിന്റെ ജലനിരപ്പ് കുറയുന്നതിനെ കാണുന്നത്. അഞ്ചു വര്‍ഷം മുമ്പ് ജില്ലയിലനുഭവപ്പെട്ട വരള്‍ച്ചയുടെ കാലാവസ്ഥാ ഈ വര്‍ഷവും നീങ്ങുമെന്ന ആശങ്ക ജില്ലയിലെ മലമ്പുഴ അണക്കെട്ടിനെ ആശ്രയിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 105.06 മീറ്റര്‍ ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുള്ള മലമ്പുഴ അണക്കെട്ടില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 102.96 മീറ്റര്‍ ജലനിരപ്പാണെന്നിരിക്കെ കഴിഞ്ഞ വര്‍ഷം ഇത് 107.41 ആണ്.

പ്രതിദിനം ഒരു മീറ്റര്‍ എന്ന നിലയില്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ജൂണ്‍വരെ കുടിവെള്ളത്തിനുള്ള ജലം ഡാമിലുണ്ടെന്നാണ് ജലസേചന അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ കണക്കുപ്രകാരം മാര്‍ച്ച് പകുതിയോടെതന്നെ അണക്കെട്ടില്‍നിന്നും കൃഷിക്കായി വെള്ളം തുറന്നുവിടാന്‍ കഴിയാത്ത സ്ഥിതിയാവും. കരുതല്‍ ജലം ഒഴിച്ചാല്‍ കുടിവെള്ള വിതരണത്തിനുപോലും വരും നാളുകളില്‍ വെള്ളം തികയാത്ത സ്ഥിതിയിലാകുമെന്നതിനാല്‍ മലമ്പുഴ വെള്ളത്തെയാശ്രയിക്കുന്നവര്‍ ബദല്‍ സംവിധാനം കാണേണ്ടിവരും.

226 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ഇപ്പോഴുള്ളതാകട്ടെ 34.691 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണെന്നത് വരാനിരിക്കുന്ന ജലദൗര്‍ലഭ്യതയെ സൂചിപ്പിക്കുന്നു. പാലക്കാട് നഗരത്തിനു പുറമെ പരിസര പഞ്ചായത്തുകളായ കണ്ണാടി, പിരായിരി, പുതുപ്പരിയാരം, പുതുശ്ശേരി എന്നിവിടങ്ങളിലും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് മലമ്പുഴ അണക്കെട്ടിനെയാണ്.

പെരിങ്ങോട്ടുകുറുശ്ശിവരെയുള്ള വാലറ്റ പ്രദേശങ്ങളിലേക്കും കാര്‍ഷികാവശ്യത്തിനായുള്ള വെള്ളമെത്തിക്കുന്നത് മലമ്പുഴയില്‍നിന്നാണെന്നതിനാല്‍ മേഖലകളിലെ കാര്‍ഷികവിളവെടുപ്പും പ്രതിസന്ധിയിലാവും. വൃഷ്ടിപ്രദേശങ്ങളിലെല്ലാം ഈ മാസത്തോടെയെങ്കിലും വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ ചൂട് കൂടുന്ന ഏപ്രില്‍-മെയ് മാസങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നാണ് ജലവിഭവവകുപ്പ് പറയുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുമ്പോഴും ജലത്തിന്റെ ദുരുപയോഗം തടയാനുള്ള മാര്‍ഗ്ഗങ്ങളില്ലെന്നാണ് ജലക്ഷാമത്തിനു ഭീഷണിയാകുന്നത്.

ജലചൂഷണം, പാഴായിപോകുന്ന ജലം, ദുരുപയോഗം എന്നിവയൊക്കെ ശ്രദ്ധയില്‍പെട്ടാലും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണങ്ങളുമുണ്ട്. ജില്ലയിലെ പ്രധാന വ്യവസായമേഖലയായ കഞ്ചിക്കോട്ടെ നിരവധി കമ്പനികള്‍പോലും മലമ്പുഴയില്‍നിന്നുള്ള വെള്ളം വന്‍തോതില്‍ വ്യാവസായികാവശ്യത്തിനായുപയോഗിക്കുന്നുണ്ട്.
കലക്ടര്‍ ചെയര്‍മാനായ ഇവിടത്തെ കാവല്‍ സംഘംപോലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും ജലചൂഷണത്തിനു നടപടികള്‍ കൈക്കൊള്ളാത്ത സ്ഥിതിയാണ്. ഇത്തരത്തിലുള്ള കുടിവെള്ള ദുരുപയോഗം തടയാന്‍ വിവിധ വകുപ്പുകളുടെ സംയുക്തമായ പരിശ്രമം ആവശ്യമാണെന്നിരിക്കെ ഇതെല്ലാം ജലരേഖയാവുകയാണ്.