വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്ന് പൊതുമേഖലാ ബാങ്കുകള്‍ സുപ്രീം കോടതിയില്‍

Posted on: March 8, 2016 11:40 am | Last updated: March 8, 2016 at 6:07 pm

vijay mallyaന്യൂഡല്‍ഹി: സഹസ്രകോടികളുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ നിയമനടപടി നേരിടുന്ന മദ്യരാജാവ് വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ ബാങ്കുകള്‍ സുപ്രിം കോടതിയെ സമീപിച്ചു. എസ്ബിഐ അടക്കമുള്ള ബാങ്കുകളാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. വിജയ് മല്യ രാജ്യം വിട്ടാല്‍ പിടികൂടാന്‍ പ്രയാസമായിരിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ വാദിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി നാളെ തന്നെ പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

കുട്ടികളെ കാണുന്നതിന് ബ്രിട്ടനിലേക്ക് പോകണമെന്ന് മല്യ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. വിവിധ ബാങ്കുകളില്‍ നിന്നായി ഏകദേശം 9400 കോടി രൂപ വിജയ് മല്യ ലോണ്‍ എടുത്തിട്ടുണ്ട്. ഇത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ മല്യക്ക് എതിരെ കോടതിയെ സമീപിക്കുകയായിരുന്നു.