കലാഭവന്‍ മണിയുടെത് സ്വാഭാവിക മരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

Posted on: March 8, 2016 11:13 am | Last updated: March 8, 2016 at 11:13 am

maniതൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെത് സ്വാഭാവിക മരണമാണെന്ന് പോലീസ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തില്‍ എത്തിച്ചേരുന്നത്. അതേസമയം മണിയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്ത് വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം നടത്താന്‍ സാധിക്കുകയുള്ളൂ. പരിശോധനാ ഫലം ലഭിക്കാന്‍ ഒരു മാസമെങ്കിലും കഴിയും.

ഗുരുതരമായ കരള്‍രോഗം പിടിപെട്ട മണി അമിതമായി മദ്യപിച്ചതാണ് മരണകാരണമായത് എന്നാണ് പോലീസ് വിലയിരുത്തുന്നത്. സംഭവ ദിവസം മണിയോടൊപ്പം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കി, മണിയുടെ ഭാര്യയുടെ ബന്ധു എന്നിവരില്‍ നിന്നും പോലീസ് മൊഴി എടുത്തിരുന്നു.

മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്ന മദ്യം കണ്ടെത്തിയതാണ് മരണത്തില്‍ ദുരൂഹതയുണ്ടാക്കിയത്. വ്യാജമദ്യത്തില്‍ കണ്ടുവരുന്ന മെഥനോളിന്റെ അംശമാണ് മണിയില്‍ കണ്ടെത്തിയിരുന്നത്. ഞായറാഴ്ച വൈകീട്ടായിരുന്നു മണിയുടെ അന്ത്യം.