ചിത്രകാരന്‍മാരുടെ മെട്രോ കാഴ്ച; ‘മെട്രോ ആര്‍ട്ടി’ന് കതാറയില്‍ തുടക്കം

Posted on: March 7, 2016 8:21 pm | Last updated: March 7, 2016 at 8:21 pm
SHARE

Doha Metroദോഹ: ഖത്വര്‍ റയില്‍ സംഘടിപ്പിച്ച മെട്രോ ആര്‍ട്ട് എക്‌സിബിഷന്‍ കതാറയില്‍ തുടങ്ങി. ഖത്വരി കലാസൃഷ്ടികള്‍ ദോഹ മെട്രോയുമായി സംയോജിപ്പിച്ചു കൊണ്ടുള്ള പ്രദര്‍ശനം മെട്രോ യാഥാര്‍ഥ്യമാകും മുമ്പ് തന്നെ മെട്രോ അനുഭവങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ അവസരം നല്‍കിയാണ് 35 പ്രമുഖ കലാകാരന്‍മാരെ പങ്കെടുപ്പിച്ച് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
കതാറ ബില്‍ഡിംഗ് നമ്പര്‍ 13ലെ ഖത്വര്‍ ഖത്വര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയില്‍ നടക്കുന്ന പ്രദര്‍ശനം അടുത്ത മാസം രണ്ടു വരെ തുടരും. നാലു പ്രമുഖ ഖത്വരി കലാകാരന്‍മാരുടെ മെട്രോ സ്‌റ്റേഷന്‍ ആഖ്യാനങ്ങളാണ് പ്രദര്‍ശനത്തിലെ ശ്രദ്ധേയമായ ഇനം. കുടുംബങ്ങള്‍ക്ക് ആസ്വദിക്കാനായി വിവിധ സാംസ്‌കാരിക പരിപാടികളും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. ലേസര്‍ ലൈറ്റ് ഷോ, ലൈവ് ചുവരെഴുത്ത്, ത്രീ ഡി പെയിന്റിംഗ്, ലൈവ് എന്റര്‍ടൈന്‍മെന്റ്, വാരാന്ത്യങ്ങളില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള വര്‍ക്ക്‌ഷോപ്പുകളും ഫണ്‍ഷോയും നടക്കും. മെട്രോ ആശയമാക്കി ചിത്രരചനാ മത്സരം, ക്ലേ മോഡലിംഗ്, കളിപ്പാട്ട നിര്‍മാണം, സ്റ്റോറി ടെല്ലിംഗ് തുടങ്ങിയവയും നടക്കും.
ലോകവ്യാപകമായുള്ള മെട്രോ സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായി കലകള്‍ ഉപയോഗിച്ചു വരുന്നതായും അതിന്റെ ഭാഗമായാണ് മെട്രോ ആര്‍ട്ട് സംഘടിപ്പിക്കുന്നതെന്ന് ഖത്വര്‍ റയില്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്ല അബ്ദുല്‍ അസീസ് ടി അല്‍ സുബാഈ പറഞ്ഞു. യാത്രാ സൗകര്യങ്ങള്‍ക്കപ്പുറം സമൂഹവുമായി ഇടപെടാനും പങ്കു വെക്കാനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിത്. ഒപ്പം മികച്ച ഖത്വരി ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരവും സൃഷ്ടിക്കുന്നു. പ്രാദേശിക സമൂഹവുമായി അടുത്തു നില്‍ക്കാനുള്ള അവസരം കൂടിയാണ് മെട്രോ ആര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഖത്വര്‍ റയില്‍ തിയറ്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമാണ് മെട്രോ ആര്‍ട്ട്. മൂന്നു ദിവസത്തെ ഫെസ്റ്റിവല്‍ ഖത്വറിലെ വിദ്യാര്‍ഥികളുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here