Gulf
ഖത്വറില്‍ നിന്ന് പോയ മലയാളി സഊദിയില്‍ അപകടത്തില്‍ മരിച്ചു
ദോഹ: ഖത്വറില്‍ നിന്ന് സ്‌പോണ്‍സറോടൊപ്പം പോയ മലയാളി ഡ്രൈവര്‍ സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഖത്വരി സ്‌പോണ്‍സറും സ്‌പോണ്‍സറുടെ ബന്ധുവും മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി നെല്ലിമല്‍ പുതുപ്പറമ്പില്‍ ഷഹാസ് (26) ആണ് സഊദി, ഖത്വര്‍ അതിര്‍ത്തിയിലെ അല്‍ ഹസ്സയില്‍ നടന്ന അപകടത്തില്‍ മരിച്ചത്. മൈദറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഷഹാസ്. ഷഹാസിന്റെ മാതാവും അതേ വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്. അപകട വിവരമറിഞ്ഞ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഉമ്മ സഫിയത്ത് ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌പോണ്‍സറുടെ മൃതദേഹം സഊദിയില്‍ തന്നെ അടക്കം ചെയ്തു. ഷഹാസിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടു പോകാന്‍ ശ്രമം നടത്തുന്നതായി ഫ്രട്ടേണിറ്റി ഫോറം ഭാരവാഹികള്‍ അറിയിച്ചു.
സ്‌പോണ്‍സറുടെ ബന്ധു സഊദിയിലേക്ക് തിരിച്ചിട്ടുണ്ട്. സ്‌പോണ്‍സറുടെയും ബന്ധുവിന്റെയും മയ്യിത്തുകള്‍ ഖബറടക്കി. മൃതദേഹം നാട്ടിലെത്തിക്കാനും മറ്റുമുള്ള സഹായങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പബ്ലിക് റിലേഷന്‍ ഇന്‍ ചാര്‍ജ് ബഷീര്‍ കടിയങ്ങാട് അറിയിച്ചു. ഷഹാസിന്റെ മാതാവിനെ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. അരുവിക്കല്‍ ഷാജഹാന്‍ ആണ് പിതാവ്. കുടുംബത്തിന്റെ ആശ്രയമായിരുന്നു മരിച്ച ഷഹാസ്.



