ഫുഡ് ഫെസ്റ്റിവെലിന് ഷാര്‍ജ ഒരുങ്ങുന്നു

Posted on: March 7, 2016 5:42 pm | Last updated: March 7, 2016 at 5:42 pm

ഷാര്‍ജ: പത്താമത് ഫുഡ് ഫെസ്റ്റിവെലിന് ഷാര്‍ജയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഈ മാസം 31 മുതല്‍ ഏപ്രില്‍ ഒമ്പതു വരെയാണ് ഫെസ്റ്റിവെല്‍. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (ഷുറൂഖ്) ഫെസ്റ്റിവെല്‍ ഒരുക്കുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവെല്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായാണ് നടക്കുക. അല്‍ കസ്ബ, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, അല്‍ മോണ്ടസ്സ, ഹാര്‍ട്ട് ഓഫ് ഷാര്‍ജ എന്നിവിടങ്ങളിലാണ് ഫെസ്റ്റിവെല്‍ അരങ്ങേറുക.
വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി 11 വരെ നീണ്ടുനില്‍ക്കും. ഇത്തവണ ഫെസ്റ്റിവെലിനോടനുബന്ധിച്ച് വിവിധ വിനോദ പരിപാടികളും, പാചക പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കു പ്രത്യേകമായി വ്യത്യസ്തങ്ങളായ വിനോദ പരിപാടികളും മറ്റും ഒരുക്കും. തത്‌സമയ പാചക പ്രദര്‍ശനം, പാചക മത്സരം എന്നിവയും സംഘടിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാചക വിദഗ്ധര്‍ പങ്കെടുക്കും. എല്ലാ രാജ്യക്കാരുടെയും സംസ്‌കാരത്തിനു യോജിച്ച ഭക്ഷണങ്ങള്‍ അവര്‍ പാകം ചെയ്യും. മാത്രമല്ല, വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ ഭക്ഷണങ്ങളും തയ്യാറാക്കും.
പാചക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്കും അവസരമുണ്ടാകും. പാചക വിദഗ്ധരും മാധ്യമ പ്രവര്‍ത്തകരുമടക്കമുള്ളവരുടെ സാനിധ്യവും മത്സര വേളകളില്‍ ഉണ്ടാകും. വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് വിദഗ്ധരില്‍ നിന്നു വിവരം ലഭിക്കും. മാത്രമല്ല, പാചകം സംബന്ധിച്ച് ക്ലാസുകളും മറ്റും ഉണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.