മെത്രാന്‍ കായല്‍ നികത്തല്‍: പദ്ധതിയ്ക്ക് തുടക്കമിട്ടത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

Posted on: March 6, 2016 3:53 pm | Last updated: March 6, 2016 at 8:00 pm

OOMMEN CHANDIതിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്തല്‍ പദ്ധതിയ്ക്ക് തുടക്കമിട്ടത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ആ തീരുമാനം ഉത്തരവാക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ഉത്തരവില്‍ അപാകതകളുണ്ടെങ്കില്‍ പുനഃപരിശോധിക്കും. വി.എം.സുധീരനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 425 ഏക്കര്‍ നെല്‍വയലും തണ്ണീര്‍ത്തടവും നികത്താന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മെത്രാന്‍ കായലില്‍ നിലം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലം നികത്താനുളള തീരുമാനം ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കേയാണെന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. നിലം നികത്താനുള്ള ഉത്തരവ് പിന്‍വലിക്കണം എന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.

വിവരാവകാശ കമ്മീഷണറുടെ നിയമനം ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയെന്നത് മാധ്യമങ്ങളുടെ വാര്‍ത്തയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തല്‍ക്കാലം ഗവര്‍ണര്‍ തീരുമാനം എടുത്തില്ല എന്നേയുള്ളൂ. കാലവധി അവസാനിക്കുമ്പോള്‍ സിബി മാത്യൂസ് വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഒഴിവാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് രംഗത്തുവന്നിരുന്നു. കോടികളുടെ അഴിമതിയാണ് ഇതിനു പിന്നിലെന്നും, അവസാന മന്ത്രിസഭ യോഗം നടത്തിയ തീരുമാനങ്ങള്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.