സോഷ്യല്‍ മീഡിയയില്‍ ധോണിയുടെ തലയറുത്ത് ബംഗ്ലാദേശ് പ്രകോപനം

Posted on: March 6, 2016 8:16 am | Last updated: March 6, 2016 at 12:22 am

dhoniന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വളരെ മോശം രീതിയില്‍ പരിഹസിക്കുന്ന ഏര്‍പ്പാട് ബംഗ്ലാദേശ് തുടരുന്നു.
ബംഗ്ലാദേശ് പേസ് ബൗളര്‍ താസ്‌കിന്‍ അഹമ്മദ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തലയറുത്ത് കൈകളിലേന്തി ഗര്‍ജിക്കുന്ന ഫോട്ടോഷോപ്പ് ചിത്രം പോസ്റ്റ് ചെയ്താണ് അവര്‍ വികൃതമായ ആഘോഷം തുടങ്ങിയിരിക്കുന്നത്.
ഇതാകട്ടെ, സോഷ്യല്‍ മീഡിയയില്‍ വൈറലായി. 2015 ലോകകപ്പില്‍ ബംഗ്ലാദേശ് പത്രത്തില്‍ വന്ന പരസ്യത്തില്‍ ഇന്ത്യന്‍ ടീമംഗങ്ങളുടെ തലമുടി പാതിക്ഷൗരം ചെയ്ത രീതിയില്‍ അപമാനിച്ചിരുന്നു. അത് പക്ഷേ തമാശ രൂപേണയായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കില്‍ ഇത്തവണ കൊന്നു കൊലവിളിക്കുന്ന രീതിയിലുള്ള ക്രിമിനല്‍ സ്വഭാവമുള്ള മുന്നറിയിപ്പാണെന്ന് മാത്രം.

ഇത്തരം പ്രവണതകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.ഈ സംഭവം മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയുടെ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം നിസാരവത്കരിച്ചു. തന്റെ കളിക്കാര്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ നേരമില്ല. അവര്‍ ഫൈനലിന് ഒരുങ്ങുകയാണ്. പത്രത്തില്‍ എന്തൊക്കെ വരുന്നുവെന്നൊന്നും നോക്കിയിരിക്കുകയല്ല – ശാസ്ത്രി പറഞ്ഞു.
ഫൈനല്‍ എന്ന സമ്മര്‍ദം ടീമിനില്ല. ടൂര്‍ണമെന്റിലെ അടുത്ത മത്സരത്തിന് തയ്യാറെടുക്കുന്നു അത്ര മാത്രം. ഒരു കളിയും തോല്‍ക്കാതെയാണ് ഇന്ത്യന്‍ ടീം ഫൈനലിലെത്തിയത്. സ്വാഭാവികമായും സമ്മര്‍ദം എതിര്‍ഭാഗത്തായിരിക്കും. എന്നുവെച്ച് ബംഗ്ലാദേശിനെ വിലകുറച്ച് കാണുന്നില്ല. മികച്ച കളിക്കാരുണ്ടവര്‍ക്ക്- രവിശാസ്ത്രി പറഞ്ഞു. ഇന്ത്യന്‍ ടീം ഫേവറിറ്റുകളാണ്. പക്ഷേ, അവരെ തോല്‍പ്പിക്കാനുള്ള കരുത്ത് ബംഗ്ലാദേശ് ടീമിനുണ്ട്. കളിക്കാരെല്ലാവരും ഫൈനലിന്റെ പ്രാധാന്യമുള്‍ക്കൊണ്ടാല്‍ മാത്രം മതി- ബംഗ്ലാദേശ് ഓപണിംഗ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാല്‍ പറഞ്ഞു.