പരീക്ഷ: മാതാപിതാക്കള്‍ അറിയാന്‍

Posted on: March 6, 2016 6:37 am | Last updated: March 6, 2016 at 10:37 pm

EXAMമാതാപിതാക്കളുടെ അതിസമ്മര്‍ദ്ദവും പ്രതീക്ഷകളുമാണ് കുട്ടികളുടെ പരീക്ഷാ പേടിയുടെ അടിസ്ഥാനം. മാതാപിതാക്കള്‍ മക്കള്‍ക്ക് പേടിപ്പെടുത്തുന്ന ഓര്‍മ നല്‍കരുത്. പേടി കാര്യക്ഷമത കുറക്കും. അധികസമ്മര്‍ദ്ദവും അപകടമാണ്. കുട്ടികള്‍ക്ക് വേണ്ടത് വൈകാരികവും മാനസികവുമായ പിന്തുണയാണ്. പരീക്ഷ ഒരു ജീവന്മരണ പോരാട്ടമാണെന്ന മട്ടില്‍ സംസാരിച്ച് പിരിമുറുക്കം വര്‍ധിപ്പിക്കരുത്. എന്തുസംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ട് എന്ന ചിന്ത പകര്‍ന്നാല്‍ ആത്മധൈര്യവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുവാന്‍ സാധിക്കും.

പരീക്ഷാക്കാലത്ത് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സാന്ത്വനം പകരുന്ന കൗണ്‍സിലറായി മാറണം. സ്വാഭാവികമായും മിക്ക കുട്ടികള്‍ക്കും പരീക്ഷാക്കാലത്ത് ടെന്‍ഷനായിരിക്കും. അവരുടെ പിരിമുറുക്കം വര്‍ധിപ്പിക്കുന്നതിനും അതുവഴി നല്ലപ്രകടനം പരീക്ഷയില്‍ കാഴ്ചവെക്കുവാന്‍ സാധിക്കാതെയും വരുന്നത് പലപ്പോഴും മാതാപിതാക്കളുടെ സമീപനം മൂലമാണ്. സമീപനങ്ങള്‍ ഗുണകരമാക്കിയാല്‍ മക്കള്‍ വിജയം കൊയ്യും. പരീക്ഷയോട് ആരോഗ്യകരമായ ഒരു സമീപനം കുട്ടികളില്‍ വളര്‍ത്തുകയാണ് വേണ്ടത്. എന്തും ടെന്‍ഷന്‍ കൂടാതെ തുറന്നു പറയാവുന്ന രക്ഷിതാക്കളാകുക.

കുട്ടികളുമായി വഴക്കിടുക, തര്‍ക്കിക്കുക, ശകാരിക്കുക, കളിയാക്കുക, അവരെ ശാരീരികമായി ഉപദ്രവിക്കുക, മറ്റുള്ളവരുമായി താരതമ്യംചെയ്യുക, ശപിക്കുക, നിശ്ചിതമാര്‍ക്ക്, ഗ്രേഡ് വാങ്ങിയിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുക, പുറകെ നടന്ന് പഠിക്ക് പഠിക്ക് എന്നുപറഞ്ഞ് ശല്യപ്പെടുത്തുക തുടങ്ങിയ പ്രവൃത്തികള്‍ വിപരീതഫലമാണ് ഉളവാക്കുക. മറ്റുകുട്ടികളുമായി താരതമ്യം ചെയ്ത് കൊച്ചാക്കി അവരുടെ മനസിനെ ഇടിച്ചുതാഴ്ത്തരുത്. നീണ്ട ഉപദേശങ്ങളും വേണ്ട.

ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ തീര്‍ച്ചയായും വേണം. ഭയവും പിരിമുറുക്കവും ഉണ്ടാകുമ്പോള്‍ കുട്ടിയുടെ ചിന്താശേഷി വഴിവിട്ടുപോകും. മനസിന്റെ സമനിലയില്‍ വ്യത്യാസം വരും. യുക്തിഭദ്രത കുറയും. ആത്മവിശ്വാസം കുറയും. പ്രവര്‍ത്തനക്ഷമത മോശമാകും. അറിയാവുന്ന ഉത്തരവും എഴുതി ഫലിപ്പിക്കാന്‍ കഴിയാതെ പോകും. സ്വന്തം കഴിവ് മുഴുവന്‍ പ്രകടമാക്കുവാന്‍ കഴിയാതെ വരും. ശാരീരിക അസ്വസ്തതകളും രോഗങ്ങളും തലപൊക്കിയേക്കാം. കുട്ടികളുടെ കഴിവും കഴിവുകേടും മനസ്സിലാക്കുക. കുട്ടിക്ക് കഴിയുന്നതിനുമപ്പുറം പ്രതീക്ഷിക്കുകയും അച്ഛനമ്മമാരുടെ പ്രതീക്ഷകള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യരുത്. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാന്‍ ശ്രമിക്കരുതെന്ന് സാരം.

മാതാപിതാക്കള്‍ ഏറ്റവും ശാന്തമായി കുട്ടികളോട് ഇടപെടണം. പോസിറ്റീവായി സംസാരിക്കണം. പോസിറ്റീവ് എനര്‍ജി കുട്ടികളില്‍ നിറക്കണം. അവസരോചിതവും വിവേകപൂര്‍വവും ശാന്തവുമായ പെരുമാറ്റവും പ്രോത്സാഹനജനകമായ വാക്കുകളുമാണ് പരീക്ഷാക്കാലത്ത് വേണ്ടത്. പരീക്ഷയുടെ ഗൗരവത്തെക്കുറിച്ചും ജീവിതത്തില്‍ ലക്ഷ്യബോധമുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉന്നതവിജയം നേടിയാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും സൗഹാര്‍ദ്ദപരമായി സംസാരിക്കാം. പരീക്ഷയും അതിലെ വിജയവും ജീവിതം മെച്ചപ്പെടുത്താന്‍ കിട്ടുന്ന അവസരമാണെന്ന് ഓര്‍മപ്പെടുത്താം.

പഠനവേളകളില്‍ ചോദ്യം ചോദിച്ച് ശ്വാസംമുട്ടിക്കരുത്. കുട്ടികള്‍ സ്വതന്ത്രമായി പഠിക്കട്ടെ. അവര്‍ക്ക് താത്പര്യവും മൂഡുമുള്ള അവസരങ്ങളില്‍ അവര്‍ പഠിക്കട്ടെ. ചിട്ടകള്‍ അടിച്ചേല്‍പ്പിക്കരുത്. സമയാസമയങ്ങളില്‍ പോഷകാഹാരം നല്‍കുക. വേണ്ടത്ര വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം എന്നിവ നല്ലതാണ്. ആവശ്യത്തിന് വിശ്രമിക്കാന്‍ അനുവദിക്കുക. വിശ്രമം ഇല്ലെങ്കില്‍ ഓര്‍മക്കുറവ്, ഉത്കണ്ഠ, മാനസികസമ്മര്‍ദം, ഉറക്കച്ചടവ് എന്നിവയുണ്ടാകും. പരീക്ഷാഹാളില്‍ ഉറങ്ങിപ്പോകാനും ഇടയുണ്ട്. ടി വിയും കമ്പ്യൂട്ടറും മറ്റും കുട്ടികള്‍ പഠിക്കുന്ന സമയത്ത് ഒഴിവാക്കുക. മാതാപിതാക്കള്‍ ടി വി കണ്ടുകൊണ്ട് കുട്ടിയോട് പോയി പഠിക്കാന്‍ പറയരുത്. കുട്ടികള്‍ക്ക് രോഗങ്ങള്‍ വരാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. അപകടസാധ്യതകളുള്ള കളികള്‍, കത്തി, മറ്റു മൂര്‍ച്ചയേറിയ ആയുധങ്ങളുടെ ഉപയോഗം എന്നിവ നിരുത്സാഹപ്പെടുത്തുക.

കുട്ടികള്‍ പരീക്ഷയേക്കാള്‍ ഭയപ്പെടുന്നത് റിസല്‍ട്ട് വന്നുകഴിയുമ്പോള്‍ അധ്യാപകരില്‍ നിന്നും മാതാപിതാക്കളില്‍നിന്നും നാട്ടുകാരില്‍ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങളെയാണ്. മാര്‍ക്ക് വരുമ്പോള്‍ വീട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഓര്‍ത്താണ് അവര്‍ക്ക് മാനസിക സമ്മര്‍ദ്ദം. അവരുടെ റിസല്‍ട്ട് കുടുംബത്തിന്റെ അഭിമാനപ്രശ്‌നമെന്നമട്ടില്‍ പെരുമാറാതിരിക്കുക. വീടിനെ യുദ്ധക്കളമാക്കാതിരിക്കുക. ഈശ്വരന്‍ തന്നിരിക്കുന്ന കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തുക, പരമാവധി പഠിക്കുക, എന്നിട്ട് ഉന്നതവിജയം കരസ്ഥമാക്കിയാല്‍ നിനക്കും മാതാപിതാക്കള്‍ക്കും സന്തോഷം എന്നുപറയുക.

അല്‍പ്പം മാര്‍ക്കു കുറഞ്ഞാലും നീ ഞങ്ങളുടെ കുട്ടിയാണ്. ജയവും തോല്‍വിയും പഠനത്തിന്റെ ഭാഗമാണ്. മറ്റുകുട്ടികള്‍ക്കുള്ള എല്ലാ കഴിവുകളും നിനക്കുമുണ്ട്. പേടിക്കണ്ട, മികച്ച പ്രകടനം കാഴ്ചവെക്കുക. അതിനായി ഒരുങ്ങുക. ആത്മാര്‍ഥമായി പഠിക്കുക. ഒട്ടും ടെന്‍ഷന്‍ വേണ്ട. ധൈര്യമായി പരീക്ഷയെഴുതുക എന്ന സമീപനമാണ് ഗുണം ചെയ്യുക. പരീക്ഷക്ക് കൊണ്ടുപോകാനുള്ള സാധന സാമഗ്രികള്‍ തലേന്നുതന്നെ ബാഗില്‍ എടുത്തുവെക്കുവാന്‍ സഹായിക്കാം. എഴുതുന്നതും മഷി നിറച്ചതുമായ പേനകള്‍, പെന്‍സില്‍, കട്ടര്‍, റബ്ബര്‍, ജോമട്രിബോക്‌സ്, സ്‌കെയില്‍, കാല്‍ക്കുലേറ്റര്‍, കര്‍ച്ചീഫ്, ഹാള്‍ടിക്കറ്റ്, കുടിവെള്ളം എന്നിവയെല്ലാം എടുക്കാന്‍ ഓര്‍മിപ്പിക്കുക. വാച്ച് കറക്ട് ചെയ്ത് കൊടുത്തു വിടുക. ആത്മവിശ്വാസം പകര്‍ന്ന് പ്രാര്‍ഥിച്ച് നെറുകയില്‍ മുത്തം നല്‍കി, പരീക്ഷക്ക് യാത്രയാക്കുക.

പരീക്ഷ കഴിഞ്ഞെത്തിയ കുട്ടിയെ ചോദ്യക്കടലാസ് പിടിച്ചുവാങ്ങി ക്രോസ്‌വിസ്താരം ചെയ്യരുത്. പരീക്ഷ എങ്ങിനെ എഴുതി, എളുപ്പമായിരുന്നോ എന്ന് അനുഭാവപൂര്‍വ്വം ചോദിച്ച് കുട്ടിയുടെ പ്രകടനത്തില്‍ താത്പര്യം കാണിച്ചാല്‍ മതി. എന്തെങ്കിലും തെറ്റ് വന്നു എന്നു പറഞ്ഞുപോയാല്‍ അത് ആവര്‍ത്തിച്ചുപറഞ്ഞ് കുട്ടിയെ പഴിക്കാതെ സമാധാനത്തിന്റെ ഭാഷയില്‍ സംസാരിക്കുകയും തെറ്റ് ആവര്‍ത്തിക്കാതിരുന്നാല്‍ മതി എന്നുസൂചിപ്പിക്കുകയും ചെയ്യുക. ‘പോട്ടെ സാരമില്ല’ എന്നുപറയുക. ഉന്മേഷമുളവാക്കുന്ന വാക്കുകള്‍ പറഞ്ഞ് അടുത്ത പരീക്ഷക്ക് തയ്യാറെടുക്കാന്‍ പ്രോത്സാഹനം നല്‍കുക. കഴിഞ്ഞ പരീക്ഷയെക്കുറിച്ചുള്ള വിശകലനവും പോസ്റ്റുമോര്‍ട്ടവും വ്യാകുലപ്പെടലും ഗുണം ചെയ്യില്ല.

പരീക്ഷയിലെ വിജയപരാജയങ്ങള്‍ക്ക് അന്തിമജീവിതവിജയവുമായി ഒരുബന്ധവുമില്ലെന്ന് കുട്ടിയെ ബോധ്യപ്പെടുത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. കേവലം സര്‍ട്ടിഫിക്കറ്റുകളില്‍ ഒതുങ്ങി നില്‍ക്കുന്ന മാര്‍ക്കോ ഗ്രേഡോ അല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മറിച്ച് ഉത്തമ പൗരനെ വാര്‍ത്തെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ മൗലികലക്ഷ്യം. സദ്ചിന്തകളും ഉന്നതലക്ഷ്യങ്ങളും മക്കള്‍ക്കു പകര്‍ന്നുനല്‍കുക.

മാതാപിതാക്കളുടെ സ്വരച്ചേര്‍ച്ചയില്ലായ്മ, കശപിശ, മദ്യപാനശീലം, വഴക്കുകള്‍, ബഹളങ്ങള്‍ തുടങ്ങിയവയെല്ലാം കുട്ടികളുടെ പഠനത്തെ ബാധിക്കും. ശാന്തമായ പഠനാന്തരീക്ഷം വീട്ടില്‍ ഒരുക്കലാണ് പ്രധാനം. എല്ലാ സന്ദര്‍ഭങ്ങളിലും കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുക. സ്‌നേഹം, സൗഹൃദം, ഉന്മേഷം, പ്രസന്നത, വിജയം എന്നിവ പകരുന്ന സംസാരവും പെരുമാറ്റവും കാഴ്ചവെക്കുക. (9847034600)