കന്‍ഹയ്യയെ വധിച്ചാല്‍ 11 ലക്ഷം; നാക്കറുത്താല്‍ അഞ്ച് ലക്ഷം: ഇനാം പ്രഖ്യാപിച്ച്‌ സംഘപരിവാര്‍

Posted on: March 5, 2016 10:49 am | Last updated: March 5, 2016 at 9:09 pm

kanayya

ന്യൂഡല്‍ഹി: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെതിരെ വധഭീഷണിയുമായി സംഘപരിവാര്‍. കന്‍ഹയ്യയെ കൊലപ്പെടുത്തിയാല്‍ 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഡല്‍ഹി പ്രസ്‌ക്ലബ് പരിസരത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൂര്‍വാഞ്ചല്‍ സേന എന്ന സംഘടയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതിനിടെ കന്‍ഹയ്യയുടെ നാക്കറുത്താല്‍ അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്ത് യുവമോര്‍ച്ച നേതാവ് രംഗത്തെത്തി. യുവമോര്‍ച്ചയുടെ ഉത്തര്‍പ്രദേശിലെ ബജായ്യൂ ജില്ലാ പ്രസിഡന്റ് കുല്‍ദീപ് വര്‍ഷിനിയാണ് കന്‍ഹയ്യയുടെ നാക്കറുത്ത് വരുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തിരുക്കുന്നത്.

ജാമ്യത്തിലിറങ്ങിയത് മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണ് കന്‍ഹയ്യ സംസാരിക്കുന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും തീവ്രവാദിയായ അഫ്‌സല്‍ ഗുരുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന കന്‍ഹയ്യയുടെ നാക്ക് പിഴുതെടുത്ത് വരുന്നവന് ഞാന്‍ അഞ്ചുലക്ഷം രൂപ നല്‍കും-കുല്‍ദീപ് വര്‍ഷിനി പറഞ്ഞു.

രാജ്യദ്രോഹ കുറ്റമാരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്ന കന്‍ഹയ്യയെ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് ക്യാമ്പസിലെത്തിയ കന്‍ഹയ്യ നടത്തിയ പ്രസംഗം രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിരുന്നു.