കാലിക്കറ്റ് വി സിയെയും പി വി സിയെയും എസ് എഫ് ഐ ഉപരോധിച്ചു

Posted on: March 5, 2016 10:40 am | Last updated: March 5, 2016 at 10:40 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ ദേശീയ സെമിനാറിന്റെ ഉദ്ഘാടനത്തിനെത്തിയ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബശീര്‍, പ്രോ വൈസ്ചാന്‍സലര്‍ ഡോ. മോഹന്‍ എന്നിവരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂര്‍ ഉപരോധിച്ചു.
എന്‍ജിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകരായ 11 വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ഉപരോധം.
എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്കെതിരായ സിന്‍ഡിക്കേറ്റ് നടപടി പുന: പരിശോധിക്കാന്‍ സമരത്തെ തുടര്‍ന്ന് ധാരണയായി. സിന്‍ഡിക്കേറ്റ് തീരുമാനം പുന: പരിശോധിക്കാനും എന്‍ജിനീയറിംഗ് കോളജിലെ അക്രമസംഭവങ്ങളെക്കുറിച്ച് വിശദ അന്വേഷണത്തിന് സമിതിയെ നിയോഗിക്കാമെന്നും വിസി ഉറപ്പ് നല്‍കിയതോടെയാണ് എസ് എഫ് ഐ സമരം അവസാനിപ്പിച്ചത്. 200 ഓളം പ്രവര്‍ത്തകരാണ് വിസിയെയും പിവിസിയെയും ഇന്നലെ ഉപരോധിച്ചത്. വിദ്യാര്‍ഥികളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് അനുകൂല സാഹചര്യം ഒരുങ്ങിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. സര്‍വകലാശാല എന്‍ജിനീയറിംഗ് കോളജിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പുറമേ അതിലേക്ക് വഴിവച്ച സംഭവങ്ങള്‍ കൂടി അന്വേഷിക്കാനാണ് വിസിയുടെ തീരുമാനം. വൈസ് ചാന്‍സലര്‍ പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, പോലീസ്, രക്ഷകര്‍തൃ സമിതി പ്രതിനിധികള്‍, പി ടി എ പ്രതിനിധികള്‍, പ്രിന്‍സിപ്പാള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് എന്‍ജിനീയറിംഗ് കോളജിലെ പ്രശ്‌ന പരിഹാരത്തിന് ഇടപെടുക.