ഇക്കുറി ബാലറ്റ് പ്രിന്റ് കാണാം

Posted on: March 5, 2016 9:58 am | Last updated: March 5, 2016 at 9:58 am
SHARE

voteeeeeeeeeeeതിരുവനന്തപുരം :വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാലുടന്‍ ഏതുസ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തുവെന്നത് വോട്ടര്‍മാര്‍ക്കു നേരിട്ടുകാണാന്‍ അവസരം. 10 ജില്ലകളിലെ 12 മണ്ഡലങ്ങളില്‍ ഇത്തവണ വോട്ടര്‍ വെരിഫെയ്ഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി വി പി എ ടി- വോട്ട് സ്ഥിരീകരണയന്ത്രം) സംവിധാനം നടപ്പാക്കും. ഈ മണ്ഡലങ്ങളിലെ ആകെ 1,650 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി 2,065 വിവി പാറ്റ് യൂനിറ്റുകളാണ് എത്തിച്ചിരിക്കുന്നത്.
വട്ടിയൂര്‍ക്കാവ്- 141, നേമം-148, കൊല്ലം-154, ആലപ്പുഴ-153, കോട്ടയം-158, എറണാകുളം-122, തൃക്കാക്കര-147, തൃശ്ശൂര്‍-149, പാലക്കാട്-140, മലപ്പുറം-154, കോഴിക്കോട് നോര്‍ത്ത്-142, കണ്ണൂര്‍ (നഗരം)-42 എന്നിവിടങ്ങളിലാണ് ഇതു നടപ്പാക്കുക.
ഒമ്പതിന് മെഷീന്റെ ആദ്യപരിശീലനം നടക്കും. കണ്‍ട്രോള്‍ യൂനിറ്റിനും ബാലറ്റ് യൂനിറ്റിനും സമീപമാണ് വി വി പി എ ടി മെഷീന്‍ സ്ഥാപിക്കുക. വോട്ടുചെയ്തുകഴിഞ്ഞാല്‍ അടുത്ത സെക്കന്‍ഡില്‍ തന്നെ വി വി പി എ ടി മെഷീന്‍ വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവ പ്രിന്റ് ചെയ്ത് സ്ലിപ് പുറത്തേക്ക് നീക്കും. വോട്ട് ചെയ്തയാളുടെ വിശദാംശങ്ങള്‍ ഈ പേപ്പറിലുണ്ടാവില്ല. ഏഴു സെക്കന്‍ഡ് നേരം സ്ലിപ് പരിശോധിക്കാന്‍ വോട്ടര്‍ക്കു സമയം ലഭിക്കും.
എട്ടാം സെക്കന്‍ഡില്‍ മെഷീന്‍ തന്നെ സ്ലിപ് മുറിച്ച് ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കും. പോളിംഗ് കൗണ്ടര്‍ വിട്ടുപോവുന്നതിനു മുമ്പുതന്നെ വോട്ടര്‍ക്ക് താന്‍ ഉദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണു വോട്ട് ലഭിച്ചതെന്നു ഇതുവഴി മനസ്സിലാക്കാന്‍ കഴിയും. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ വോട്ടിംഗ് യന്ത്രത്തോടൊപ്പം ഈ സ്ലിപ്പുകള്‍ അടങ്ങിയ ബാലറ്റ് പെട്ടിയും സീല്‍ ചെയ്ത് സൂക്ഷിക്കാനാണു തീരുമാനം. വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നാല്‍ കമ്മിഷന്റെ തീരുമാനപ്രകാരം ബാലറ്റ് പെട്ടിയില്‍നിന്ന് സ്ലിപ്പുകള്‍ പുറത്തെടുത്ത് എണ്ണി വിജയിയെ സ്ഥിരീകരിക്കാമെന്നതാണ് സംവിധാനത്തിന്റെ മെച്ചം. ഇലക്‌ട്രോണിക് വോട്ടിംഗ് സംബന്ധിച്ചു രാജ്യത്തുടനീളം വ്യാപക ആക്ഷേപങ്ങളും കോടതി വ്യവഹാരങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് വോട്ട് രേഖപ്പെടുത്തിയത് സംബന്ധിച്ച വിവരങ്ങള്‍ വോട്ടര്‍ക്കു വ്യക്തമായി ബോധ്യപ്പെടുത്താന്‍ വി വി പാറ്റ് സംവിധാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തോടൊപ്പം വി വി പാറ്റ് സംവിധാനംകൂടി ഏര്‍പ്പെടുത്തണമെന്ന് 2013 ഒക്ടോബര്‍ എട്ടിനു സുപ്രീം കോടതി ബെഞ്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here