ജില്ലാ പഞ്ചായത്ത് ബജറ്റ്: കുടിവെള്ളത്തിനും റോഡ് നവീകരണത്തിനും മുന്‍ഗണന

Posted on: March 5, 2016 4:33 am | Last updated: March 4, 2016 at 8:34 pm

കാസര്‍കോട്: ജില്ലാപഞ്ചായത്ത് ബജറ്റില്‍ കുടിവെള്ളത്തിനും റോഡ് നവീകരണത്തിനും മുന്‍ഗണന നല്‍കിയുള്ള ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ് അവതരിപ്പിച്ചു. 1,45,82,91,864 രൂപ വരവും 1,32,57,82,000രൂപ ചെലവും 13,25,09,864 രൂപ നീക്കിയിരിപ്പുമുള്ള 2015-16 വര്‍ഷത്തെ ബജറ്റാണ് അവതരിപ്പിച്ചത്.
ജില്ലയുടെ ഗതാഗതരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലെ മുഴുവന്‍ റോഡുകളുടെയും നിലവാരം ഉയര്‍ത്തുന്നതിന് ഈ വര്‍ഷം തുക വകയിരുത്തി.
തിരഞ്ഞെടുക്കപ്പെട്ട റോഡുകള്‍ മെക്കാഡം ടാറിംഗ് നടത്താനും തീരുമാനമായി. റോഡുകളെ ഹരിതാഭമാക്കി പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും പദ്ധതിയുണ്ട്. ചട്ടഞ്ചാലില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥലത്ത് ഐ ടി പാര്‍ക്ക് ആരംഭിക്കും. സ്റ്റാര്‍ട്ട്അപ് സംരംഭകരെ പ്രോത്സാഹിപ്പിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട യുവജന വിഭാഗങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനായി വിദേശ തൊഴില്‍ അവസരത്തിനും പ്രൊഫണല്‍ കോഴ്‌സിന് ചേരുന്നതിനും ധനസഹായം നല്‍കും. ഈ മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഭൂജലവകുപ്പുമായി സഹകരിച്ച് കുടിവെള്ള പദ്ധതികള്‍ ഈ വര്‍ഷം ആവിഷ്‌കരിക്കും.
തൊഴിലധിഷ്ടിത പരിശീലനങ്ങള്‍ക്കായി മള്‍ട്ടിപര്‍പ്പസ് കമ്മ്യൂണിറ്റി ഹാളുകളും കമ്മ്യൂണിറ്റി ട്രെയ്‌നിംഗ് സെന്ററുകളും സ്ഥാപിക്കും. എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുള്ള സാന്ത്വന നടപടികളുടെ ഭാഗമായി ആവിഷ്‌കരിച്ച തണല്‍ നിര്‍മാണ പദ്ധതി ഈ വര്‍ഷവും തുടരും.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും.