ആണവായുധം ഉപയോഗിക്കാന്‍ ഒരുങ്ങാന്‍ സൈന്യത്തിന് കിം ജോങ്ങിന്റെ നിര്‍ദേശം

Posted on: March 4, 2016 10:47 am | Last updated: March 4, 2016 at 5:58 pm

Kim-Jong-Un.jpg.image.784.410സിയൂള്‍: ഏതുസമയത്തും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിര്‍ദേശം. എതിര്‍രാജ്യങ്ങളില്‍നിന്ന് ഭീഷണി കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് കിമ്മിന്റെ ഉത്തരവ്. കെസിഎന്‍എ വാര്‍ത്താ ഏജന്‍സിയാണ് കിം സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തത്. ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സൈനികര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനും കിം ഉത്തരവിട്ടതായി റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ കൊറിയന്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത വീണ്ടും രൂക്ഷമായി.

ഉത്തരകൊറിയക്കെതിരേ ഐക്യരാഷ്ട്രസഭ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കിം ജോങ് ഉന്നിന്റെ പുതിയ പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയുടെയും ലോകരാഷ്ട്രങ്ങളുടെയും വിലക്കു ലംഘിച്ച് ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി തീരുമാനിച്ചിരുന്നു. അമേരിക്കയും ഉത്തരകൊറിയയുടെ മിത്രമായ ചൈനയും ഏഴാഴ്ചയോളം ചര്‍ച്ച നടത്തിയശേഷമാണ് രക്ഷാസമിതിയില്‍ ഉപരോധ പ്രമേയം കൊണ്ടുവന്നത്.

ഉത്തരകൊറിയയിലേക്കു പോകുന്നതും വരുന്നതുമായ എല്ലാ ചരക്കുകളും പരിശോധനാവിധേയമാക്കുക, പ്യോംഗ്യാംഗിനുള്ള എല്ലാത്തരം ആയുധവില്പനയും നിര്‍ത്തിവയ്ക്കുക തുടങ്ങിയ നടപടികളും രക്ഷാസമിതി ബുധനാഴ്ച അംഗീകരിച്ച പ്രമേയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരകൊറിയയില്‍നിന്നുള്ള സ്വര്‍ണം, ഇരുമ്പയിര്, ടൈറ്റാനിയം അയിര് എന്നിവയുടെ കയറ്റുമതിക്കും വിലക്കുണ്ട്. ഇതേ തുടര്‍ന്നാണ് ഏതു സമയത്തും ആണവായുധം പ്രയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ തയാറാകാന്‍ കിം സൈന്യത്തിന് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.