മെസിയുടെ ഹാട്രിക് മികവില്‍ ബാഴ്ണലോണയ്ക്ക് തകര്‍പ്പന്‍ ജയം

Posted on: March 4, 2016 9:16 am | Last updated: March 4, 2016 at 9:16 am

messiമാഡ്രിഡ്: ലയണല്‍ മെസിയുടെ ഹാട്രിക് മികവില്‍ സ്പാനിഷ് ലീഗില്‍ റയോ വല്ലെക്കാനോയെക്കെതിരെ ബാഴ്ണലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ബാഴ്‌സയുടെ ജയം. ഇതോടെ തോല്‍വിയറിയാതെ 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന റിക്കാര്‍ഡ് സ്വന്തം പേരിലാക്കി. 27 വര്‍ഷം മുമ്പ് റയല്‍ മാഡ്രിഡ് സ്ഥാപിച്ച റിക്കാര്‍ഡാണ് ബാഴ്‌സ പഴങ്കഥയാക്കിയത്. ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്‌സ എട്ടാക്കി ഉയര്‍ത്തി.

മത്സരത്തില്‍ രണ്ടു പേര്‍ക്കു ചുവപ്പുകാര്‍ഡ് കിട്ടിയതോടെ ഒമ്പതു പേരായി ചുരുങ്ങിയ റയോ വല്ലെക്കാനോയ്ക്കു ബാഴ്‌സയുടെ കരുത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 22-ാം മിനിറ്റില്‍ ഇവാന്‍ റാക്കിട്ടിച്ചായിരുന്നു ബാഴ്‌സയുടെ ഗോള്‍മഴക്ക് തുടക്കം കുറിച്ചത്. പിന്നീട് 23, 53, 72 മിനിറ്റുകളില്‍ മെസി ഗോള്‍ നേടി. 86-ാം മിനിറ്റില്‍ അര്‍ദ ടുറാന്‍ കൂടി ഗോള്‍ നേടിയതോടെ റയോ തകര്‍ന്നടിഞ്ഞു. ഗോണ്‍സാല്‍വസാണ് റയോയുടെ ആശ്വാസഗോള്‍ നേടിയത്.