വിജയകുമാറിനെതിരായി താന്‍ പറഞ്ഞുവെന്ന രീതിയില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് എം സ്വരാജ്

Posted on: March 4, 2016 12:36 am | Last updated: March 4, 2016 at 2:34 pm

swarajകോഴിക്കോട്: സിപിഎം നേതാവ് എം വിജയകുമാര്‍ വെളുക്കെ ചിരിക്കുന്ന തട്ടിപ്പുകാരനാണെന്ന് താന്‍ പറഞ്ഞുവെന്ന് രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ സെക്രട്ടറി എം സ്വരാജ്.സമ്മേളനത്തില്‍ പങ്കെടുത്ത 608 പ്രതിനിധികള്‍്കകും അറിയാത്ത കാര്യങ്ങള്‍ ഇവര്‍ക്ക് എവിടെ നിന്ന് കിട്ടിയെന്നും എം സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം………..
മനോരമ ഓണ്‍ലൈനിലെയും മറ്റും ചില സുഹൃത്തുക്കള്‍ക്ക് നന്ദി…
എം. സ്വരാജ് .
കുറച്ചു നാളുകള്‍ക്ക് ശേഷം മനോരമ എന്നോട് വീണ്ടും സ്‌നേഹം പ്രകടിപ്പിച്ചു തുടങ്ങി. ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം ഉജ്ജ്വല റാലിയോടെ സമാപിക്കുമ്പോഴാണ് മനോരമയുടെ പുതിയ വികൃതിയെപ്പറ്റി ഒരു സുഹൃത്ത് എന്റെ ശ്രദ്ധയില്‍ പെടുത്തിയത്. സമ്മേളനം നടന്ന മൂന്ന് ദിവസവും എരിവും പുളിയുമുള്ളതൊന്നും മനോരമയ്ക്ക് കിട്ടാത്തതിന്റെ വല്ലായ്മ മനസിലാക്കാവുന്നതേയുള്ളൂ.
ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍
സ:എം.വിജയകുമാറിനെതിരായി ഞാന്‍ കടുത്ത ആക്ഷേപങ്ങള്‍ പറഞ്ഞുവത്രെ! സംസ്ഥാന സമേള നത്തില്‍ പങ്കെടുത്ത 608 പ്രതിനിധികളില്‍ ഒരാള്‍ പോലും കേള്‍ക്കാത്ത കാര്യം മനോരമ കേട്ടു ! മനസറിയാത്ത കാര്യങ്ങളുടെ പേരില്‍ തെറി കേട്ടു നല്ല ശീലമുള്ളതുകൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്റെ ചോര നിങ്ങള്‍ക്കത്രമേല്‍ സ്വാദിഷ്ടമാണെങ്കില്‍ ഇനിയും ആവോളം കുടിച്ചോളൂ. പക്ഷെ ആദരണീയനായ സം എം.വി ജയകുമാറിന്റെ പേരു് ഇതില്‍ വലിച്ചിഴക്കാന്‍ പാടില്ലായിരുന്നു. എനിക്കേറെ സ്‌നേഹ ബഹുമാനങ്ങളുള്ള നേതാവാണദ്ദേഹം. എന്നും അങ്ങേയറ്റത്തെ വാല്‍സല്യത്തോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയിട്ടുള്ളത്. എത്രയോ കാലമായി നില നില്‍ക്കുന്ന ബന്ധമാണത് .
മനോരമ ഓണ്‍ലൈനിലാണത്രെ എന്നോടുള്ള ഇത്തവണത്തെ സ്‌നേഹപ്രകടനം. മറ്റു ചില ഓണ്‍ലൈന്‍ കലാകാരന്മാരും ഈ കഥ തുടര്‍ന്നു പാടിയിട്ടുണ്ട്. മനോരമ ചാനലിലും ഓണ്‍ലൈനിലും ഉള്ള ചില മാന്യ മിത്രങ്ങള്‍ക്ക് എന്നോട് അടക്കാനാവാത്തേ ‘സ്‌നേഹ’ മുണ്ടാവാം. അതവര്‍ ഇപ്പോള്‍ പ്രകടിപ്പിച്ചെന്നേ ഉള്ളൂ.
ഒരു കാര്യത്തില്‍ മാത്രമേ എനിക്കു സംശയമുള്ളൂ കഴിഞ്ഞ കൃത്യം ഒരു വര്‍ഷമായി എനിക്കു നേരെയുള്ള മാധ്യമ സുഹൃത്തുക്കളുടെ സ്‌നേഹപ്രകടനം കുറവായിരുന്നു. ഇതെന്താണിങ്ങനെയെന്ന് ഞാന്‍ അദ്ഭുതപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ സന്തോഷമായി. പൂര്‍വാധികം ഭംഗിയായി പണി തുടങ്ങിയ എല്ലാ സുഹൃത്തുക്കള്‍ക്കുമെന്റെ വിജയാശംസകള്‍.,