തരം താണ രാഷ്ട്രീയക്കളി

Posted on: March 4, 2016 6:00 am | Last updated: March 3, 2016 at 11:48 pm

SIRAJ.......ഇശ്‌റത്ത് ജഹാന്‍ വധമാണ് നിലവില്‍ പാര്‍ലിമെന്റിലെ ചൂടേറിയ ചര്‍ച്ച. ഇശ്‌റത്ത് ജഹാന്‍ ഏറ്റമുട്ടല്‍ കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം യു പി എ സര്‍ക്കാറിലെ ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം തിരുത്തിയെന്ന മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയുടെ ആരോപണമാണ് ചര്‍ച്ചക്ക് വഴിമരുന്നിട്ടത്. 2004 ജൂണ്‍ 15നാണ് ഇശ്‌റത് ജഹാനും സഹൃത്തായ ജാവേദ് ശൈഖും പാക്കിസ്ഥാനികളായ സീഷാന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവരും അഹ്മദാബാദിനടുത്ത കോതാര്‍പുറില്‍ കൊല്ലപ്പെട്ടത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ പാക് തീവ്രവാദ സംഘടനയായ ലശകറേ തയ്യിബ അയച്ച ഇവര്‍ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് മരിച്ചതെന്നായിരുന്നു ഗുജറാത്ത് പോലീസ് ഭാഷ്യം. ഇത് വ്യാജമാണെന്നും ഏറ്റുമുട്ടല്‍ ആസൂത്രിതമാണെന്നും കൊല്ലപ്പെട്ടവര്‍ക്ക് ഭീകരബന്ധമില്ലെന്നും സി ബി ഐ പിന്നീട് കണ്ടെത്തുകയുണ്ടായി. ഗുജറാത്ത് പൊലീസും ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു ഈ വ്യാജഏറ്റുമുട്ടല്‍ കൊല. തദടിസ്ഥാനത്തില്‍ അന്നത്തെ എ ഡി ജി പി. പി പി പാണ്ഡെ, ഡി ജി വന്‍സാര, ജി എല്‍ സിംഗ്‌ലാല്‍, നാല് ഐ ബി ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 11 പേര്‍ക്കെതിരെ സി ബി ഐ കുറ്റ പത്രം സമര്‍പ്പിച്ചിട്ടുമുണ്ട്. ഇതു സംബന്ധിച്ച കേസ് ഗുജറാത്ത് ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കയാണ്.
അതിനിടെ ഇപ്പോള്‍ ജി കെ പിള്ളയും ആഭ്യന്തര വകുപ്പിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍ വി എസ് മണിയും പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്നതിന്റെ താത്പര്യമെന്താണ്? ഹൈദരാബാദ് യൂനിവേഴ്‌സിറ്റി, ജെ എന്‍ യു പ്രശ്‌നങ്ങളില്‍ മോദി സര്‍ക്കാറിനും മന്ത്രി സ്മൃതി ഇറാനിക്കുമെതിരെ ഉയര്‍ന്ന ജനവികാരത്തെ അതിജീവിക്കുകയും പ്രശ്‌നത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയുമാണ് ലക്ഷ്യമെന്ന് വിഷയം ബി ജെ പി കൈകാര്യം ചെയ്യുന്ന രീതി കണ്ടാല്‍ വ്യക്തമാകും. കന്‍ഹയ്യ കുമാറും സുഹൃത്തുക്കളും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന പോലീസിന്റെയും ബി ജെ പി നേതാക്കളുടെയും ആരോപണത്തിന്റെ പൊള്ളത്തരം മാധ്യമങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നതിന് പിന്നാലെ അവരെ കളളക്കേസില്‍ അകപ്പെടുത്താന്‍ തയാറാക്കിയ വ്യാജ വീഡിയോകളിലൊന്ന് നിര്‍മിച്ചത് സൃമ്തി ഇറാനിയുടെ അടുത്ത സഹായി ശില്‍പി തിവാരിയാണെന്ന് കണ്ടെത്തിയതും മോദി സര്‍ക്കാറിന് കനത്ത ആഘാതമായിട്ടുണ്ട്. ശില്‍പി തിവാരി തന്നെയാണ് ഈ വ്യാജ വീഡിയോ ആദ്യമായി ട്വിറ്റില്‍ പോസ്റ്റ് ചെയ്തതും. ഇത് മന്ത്രിയുടെ അറിവോടെയായിരിക്കാനാണ് സാധ്യത. മാത്രമല്ല, രോഹിത് വെമുലയുടെ ആത്മഹത്യാ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ചതിന് സ്മൃതി ഇറാനിക്കെതിരെ അവകാശലംഘന നോട്ടീസും നല്‍കിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഇത്തര നീക്കങ്ങളെ നേരിടാന്‍ എ ഐ എ ഡി എം കെയെ കൂട്ടുപിടിച്ചു പാര്‍ലിമെന്റില്‍ ബി ജെ പി കലുഷിതാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കയാണ്.
ഇശ്‌റത്ത് ജഹാന്‍ കേസില്‍ ആദ്യത്തെ സത്യവാങ്മൂലം തിരുത്തിയ കാര്യം പി ചിദംബരം നിഷേധിക്കുന്നില്ല. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഭീരുത്വവും കാണിക്കുന്നില്ല. തിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും തന്റെ നിലപാട് ശരിയാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഐ ബിയും ഗുജറാത്ത് പോലീസും തയ്യാറാക്കിയ വസ്തുതാവിരുദ്ധമായ ആദ്യ സത്യവാങ്മൂലം അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം അറിയാതെയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അത് തയ്യാറാക്കിയതെന്ന് ഐ ബി വ്യക്തമാക്കിയതാണ്. എന്നാല്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ തെളിവല്ല. ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ അന്വേഷണത്തിലൂടെ കണ്ടെത്തി കോടതിക്ക് സമര്‍പ്പക്കുന്ന തെളിവുകളാണ് പരിഗണനാര്‍ഹം. ഇതടിസ്ഥാനത്തിലാണ് താന്‍ രണ്ടാമതൊരു സത്യവാങ്മുലം നല്‍കിയതെന്ന് ചിദംബരം വിശദീകരിക്കുന്നു. ഇശ്‌റഹത്ത് ജഹാനെ വധിച്ചത് നേരത്തെ തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ്. കൊലപ്പെടുത്തുന്നതിന് ഏതാനും ദിവസം മുമ്പേ അവരെ കസ്റ്റഡിയിലെടുത്തു അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ച ശേഷമാണ് ഈ ക്രൂരകൃത്യം നിര്‍വഹിച്ചതെന്ന് കേസില്‍ സി ബി ഐ ഉദ്യോഗസ്ഥരെ സഹായിക്കാനായി കോടതി നിയോഗിച്ച പ്രത്യേക സംഘത്തിലെ ഐ പി എസ് ഓഫീസര്‍ സതീഷ് വര്‍മയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഇശ്‌റത്തിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്നതിന് ഐ ബിയുടെ വശം യാതൊരു തെളിവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം തറപ്പിച്ചുപറയുകന്നു. എങ്കില്‍ നീതിവ്യവസ്ഥയോട് ഉത്തരവാദപ്പെട്ട മന്ത്രിയെന്ന നിലയിലുള്ള ബാധ്യതയാണ് ചിദംബരം നിര്‍വഹിച്ചത്. ഗുജറാത്തിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ വീവ്രവാദിയാക്കി മുദ്രകുത്തി കൊലപ്പെടുത്തിയ വ്യക്തി നിരപരാധിയാണെന്ന് പിന്നീട് ബോധ്യമായാല്‍ ആ സത്യം മൂടിവെക്കുകയല്ല ചെയ്യേണ്ടത്. ഇപ്പേരില്‍ അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ബി ജെ പി ശ്രമം ശരിയല്ല. ആദ്യ സത്യവാങ്മുലം ചിദംബരം തിരുത്തിയത് രാഷ്ട്രീയ താത്പര്യത്തോടെയായിരുന്നുവെന്നാണ് ബി ജെ പി കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഇശ്‌റത്ത് ജഹാനെ വെച്ചു രാഷ്ട്രീയം കളിക്കുന്നത് യഥാര്‍ഥത്തില്‍ ബി ജെ പിയും കേന്ദ്ര സര്‍ക്കാറുമാണ്. മോദി സര്‍ക്കാറും ബി ജെ പിയും അകപ്പെട്ട പ്രതിസന്ധിയെ അതിജീവിക്കാന്‍ ഈ കേസ് മറയാക്കുന്നതാണ് തരംതാണ രാഷ്ട്രീയം.