സര്‍വകലാശാല പ്യൂണ്‍, വാച്ച്മാന്‍ നിയമനം ചോദ്യം ചെയ്ത് ഉദ്യോഗാര്‍ഥികള്‍ രംഗത്ത്

Posted on: March 2, 2016 9:26 am | Last updated: March 2, 2016 at 9:26 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല പ്യൂണ്‍, വാച്ച്മാന്‍ നിയമന നടപടികളില്‍ ക്രമക്കേടും കോഴയും ആരോപിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ രംഗത്ത്. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സര്‍വ്വകലാശാല ചാന്‍സലറായ ഗവര്‍ണര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍, വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പരാതി നല്‍കി. എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ തഴഞ്ഞ് പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിയമനം നടത്തുന്നുവെന്ന് ആരോപിച്ചാണ് സംഘടന രൂപവത്കരിച്ച് ഉദ്യോഗാര്‍ഥികള്‍ രംഗത്തുവന്നിരിക്കുന്നത്.
മുന്‍ വൈസ് ചാന്‍സലറുടെ നിഗമനങ്ങള്‍ ശരിവക്കുന്ന അപാകതകളാണ് റാങ്ക് ലിസ്റ്റിലുള്ളതെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. രാത്രി പതിനൊന്നരക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലെ ദുരൂഹത ഉള്‍പ്പെടെയുള്ള കാര്യങ്ങളും സാമ്പത്തിക ആരോപണവും വിശദമായി അന്വേഷിക്കണം. അതുവരെ നിയമന പ്രക്രിയ നിര്‍ത്തിവക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും നിയമന നടപടികളെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.
ഇന്നലെ സര്‍വ്വകലാശാല ക്യാമ്പസ് പരിസരത്ത് യോഗം ചേര്‍ന്നാണ് ഉദ്യോഗാര്‍ഥികള്‍ സംഘടന രൂപവത്കരിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. എം സിന്ധു ( പ്രസിഡന്റ്), കെ വി സിറാജ്‌മോന്‍ ( വൈസ് പ്രസിഡന്റ്), എന്‍ പി രജ്ഞിത്ത് ( സെക്രട്ടറി), പി കെ ഷൈനി( ജോയിന്റ് സെക്രട്ടറി)എ സഹദേവന്‍ ( ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട അഡ്‌ഹോക് കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ചിന് രാവിലെ പത്തിന് സര്‍വ്വകലാശാല ക്യാമ്പസ് പരിസരത്ത് വിപുലമായ യോഗം ചേരാനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. സഹകരിക്കാന്‍ തയ്യാറുള്ള ഉദ്യോഗാര്‍ഥികള്‍ 9539231192, 9446780843 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.