Connect with us

Gulf

എഫ്- 15 വിമാന നിര്‍മാണം അവസാനിപ്പിക്കുന്നതിന് ഇടയാക്കും

Published

|

Last Updated

ദോഹ: ബോയിംഗിന്റെ എഫ്-15 എസ് ഇ സൈലന്റ് ഈഗള്‍സ് പോര്‍വിമാനം ഖത്വറിന് വില്‍ക്കുന്നതിന് ഇസ്‌റാഈലിന്റെ എതിര്‍പ്പ് മറികടന്നില്ലെങ്കില്‍ പ്രസിദ്ധമായ എഫ്-15 ഉത്പാദനം നിര്‍ത്തേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. അമേരിക്ക മേഖലയിലെ ആത്മസുഹൃത്തായ ഇസ്‌റാഈലിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ബോയിംഗിന് കൂടുതല്‍ ധനസഹായം നല്‍കുകയോ വേണ്ടിവരും.
എഫ്-15ന് രണ്ട് വര്‍ഷമായി ഖത്വര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ട് രണ്ട് വര്‍ഷമായെങ്കിലും പോര്‍വിമാനം ലഭിക്കാത്തതിനാല്‍ ഫ്രാന്‍സിന്റെ റാഫേല്‍ വിമാനം വാങ്ങാനുള്ള നടപടികളുമായി ഖത്വര്‍ മുന്നോട്ടുപോയിട്ടുണ്ട്. പുതിയ ഓര്‍ഡര്‍ ലഭിച്ചില്ലെങ്കില്‍ മിസൂറി സെന്റ് ലൂയിസിലെ 40 വര്‍ഷമായി തുടരുന്ന എഫ്-15 ഉത്പാദനം നിര്‍ത്തേണ്ടിവരും ബോയിംഗിന്. എ ഇ എസ് എ റഡാറുകളുള്ള രണ്ട് എഫ്-15 പോര്‍വിമാനങ്ങള്‍ വാങ്ങുന്നതില്‍ ഇസ്‌റാഈല്‍ വ്യോമസേന താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് 10 ബില്യന്‍ ഡോളറിന്റെതാണ്. അതേസമയം, അമേരിക്കയുടെ സൈനിക സഹായത്തെ അവലംബിച്ച് മാത്രമേ ഇവ വാങ്ങാന്‍ ഇസ്‌റാഈലിന് സാധിക്കൂ.
കഴിഞ്ഞ വര്‍ഷം മെയില്‍ ദോഹയില്‍ വെച്ച് 24 റാഫേല്‍ പോര്‍വിമാനങ്ങള്‍ക്ക് ഖത്വറും ഫ്രാന്‍സും കരാര്‍ ഒപ്പുവെച്ചിരുന്നു. ഖത്വറിന് പോര്‍വിമാനങ്ങള്‍ നല്‍കാന്‍ ഒരിക്കലും സമ്മതിക്കില്ലെന്നാണ് ഇസ്‌റാഈലിന്റെ നിലപാട്. ഖത്വറുമായി ഗൗരവമേറിയ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും എന്നാല്‍ അടച്ചുപൂട്ടുന്നതില്‍ തങ്ങളെ കുറ്റപ്പെടുത്തേണ്ടെന്നുമാണ് ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ നിലപാട്. മേഖലയില്‍ കൂടുതല്‍ പോര്‍വിമാനങ്ങള്‍ വരുന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്നും തങ്ങളുടെ ക്വാളിറ്റേറ്റീവ് മിലിട്ടറി എഡ്ജി (ക്യു എം ഐ)ന് പ്രതിസന്ധിയുണ്ടാക്കുമെന്നുമാണ് ഇസ്‌റാഈല്‍ കാരണം പറയുന്നത്. അതേസമയം, തങ്ങളുടെ കൈവശമുള്ള എഫ്/എ- 18 പോര്‍വിമാനങ്ങള്‍ 8.9 ബില്യന്‍ ഡോളറിന് കുവൈത്തിന് വില്‍ക്കുന്നതില്‍ ഇസ്‌റാഈല്‍ പ്രശ്‌നമൊന്നും കാണുന്നില്ലെന്നത് വൈരുധ്യമാണ്. ഖത്വറിന് പോര്‍വിമാനങ്ങള്‍ നല്‍കുന്നതിലെ കാലതാമസത്തില്‍ യു എസ് സെനനറ്റര്‍മാരും വിമര്‍ശമുന്നയിക്കുന്നുണ്ട്.

Latest