കോടതിയലക്ഷ്യം: മന്ത്രി കെ സി ജോസഫിന്റെ മാപ്പപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല

Posted on: March 1, 2016 4:51 pm | Last updated: March 2, 2016 at 9:36 am
SHARE

KC JOSEPH NEWകൊച്ചി: കോടതയലക്ഷ്യക്കേസില്‍ മന്ത്രി കെ സി ജോസഫ് നേരിട്ട് ഹാജരായി മാപ്പപേക്ഷ സമര്‍പ്പിച്ചു. തെറ്റ് ബോധ്യപ്പെട്ടുവെന്നും അതിനെത്തുടര്‍ന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതെന്നും മന്ത്രി കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ മാപ്പപേക്ഷ കോടതി പരഗണിച്ചില്ല. വിശദാംശങ്ങള്‍ അടങ്ങിയ മാപ്പപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി, കെ സി ജോസഫ് മാപ്പ് പറയേണ്ടത് ജനങ്ങളോടാണെന്നും നിരീക്ഷിച്ചു. ഈ മാസം പത്തിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

മന്ത്രിയുടെ മാപ്പപേക്ഷ പൊതുജനങ്ങളില്‍ എത്തണമെന്ന് കോടതി പറഞ്ഞപ്പോള്‍ ഫെയ്‌സ്ബുക്കില്‍ മാപ്പപേക്ഷ നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ മാപ്പപേക്ഷിക്കാന്‍ എന്ത് മാര്‍ഗം സ്വീകരിക്കണമെന്ന് കോടതി പറയുന്നില്ലെന്നും അതേസമയം സ്വീകരിച്ച മാര്‍ഗം തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഫേസ്ബുക്ക് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ സി ജോസഫ് രാവിലെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കോടതിയലക്ഷ്യം ഉണ്ടാകുമെന്ന് കരുതിയല്ല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും അവിചാരിതമായി സംഭവിച്ചതാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വൈകീട്ട് മൂന്ന് മണിയോടെ അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു.

2015 ജൂണ്‍ 23ന് ഒരു കേസുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന് എതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് മന്ത്രിക്ക് വിനയായത്. ജഡ്ജി നീലച്ചായം നിറച്ച തൊട്ടിയില്‍ വീണ കുറുക്കനാണന്ന് എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here