ഐ.ജിയുടെ മകന്‍ ഔദ്യോഗിക വാഹനം ഓടിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്

Posted on: March 1, 2016 1:14 pm | Last updated: March 2, 2016 at 8:22 am

ig sonതിരുവനന്തപുരം: തൃശൂര്‍ പൊലീസ് അക്കാദമി ഐ.ജിയുടെ പ്രായപൂര്‍ത്തി ആകാത്ത മകന്‍ ഔദ്യോഗിക വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയായതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. രാമവര്‍മപുരം പൊലീസ് അക്കാദമി ഐജിയായ സുരേഷ് രാജ് പുരോഹിതിന്റെ മകനാണ് അക്കാദമി വളപ്പിലൂടെ കൊടിവെച്ച ഔദ്യോഗിക വാഹനമോടിച്ചത്. ഇതിന്റെ അഞ്ചുമിനിറ്റ് വീതം ദൈര്‍ഘ്യമുളള മൂന്നു വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പൊലീസുകാരാണ് മേലുദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് പരാതി കൈമാറിയത്.

ഐജി വാഹനത്തില്‍ ഇല്ലെങ്കിലും മൂന്നു വീഡിയോകളിലും പൊലീസ് ഡ്രൈവര്‍ വാഹനത്തിലുണ്ട്. ഒരു വാഹനം തൃശ്ശൂര്‍ റേഞ്ച് ഐജിയുടെതാണെങ്കില്‍ മറ്റൊന്ന് പൊലീസ് അക്കാദമി ഐജിയുടെതാണ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഐജിയുടെ മകന്‍ ഓടിക്കുന്ന വാഹനങ്ങളില്‍ ഔദ്യോഗിക കൊടിയും, നെയിംബോര്‍ഡും ഉളളതായി വീഡിയോകളില്‍ കാണാം.

നേരത്തെ തൃശൂര്‍ ശോഭ സിറ്റിയിലെ വിവാദ വ്യവസായി നിഷാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഫെറാരി കാറോടിച്ച വിഷയത്തില്‍ പൊലീസ്‌കേസെടുത്തിരുന്നു. പൊലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം പൊലീസുകാരുടെ ബന്ധുക്കള്‍ ഓടിക്കണമെങ്കില്‍ പ്രത്യേക അനുമതി തേടേണ്ടതുണ്ട്. ഇവിടെ അനുമതി തേടിയിട്ടില്ലെന്നു മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്ത ഐജിയുടെ മകനാണ് വാഹനം ഓടിക്കുന്നതും. നേരത്തെ പൊലീസ് അക്കാദമി ക്യാന്റീനില്‍ ബീഫ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതും ഈ ഐജി സുരേഷ് രാജ് പുരോഹിതായിരുന്നു.