കണ്ണൂര്‍-മട്ടന്നൂര്‍ റെയില്‍പാതക്ക് 400 കോടി

Posted on: February 26, 2016 9:43 am | Last updated: February 26, 2016 at 9:45 am
SHARE

RAILകണ്ണൂര്‍:കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിമാനത്താവളത്തിലേക്കുള്ള റെയില്‍പാതക്ക് റെയില്‍ ബജറ്റില്‍ 400 കോടി വകയിരുത്തിയത് മലബാറിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകും. പുതിയ പാത രൂപീകൃതമായാല്‍ തലശ്ശേരിയില്‍ നിന്ന് മൈസൂരിലേക്കുള്ള റെയില്‍ ഗതാഗതമെന്ന പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ആശയം സാക്ഷാത്കരിക്കാനാകും.

വിമാനത്താവള വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ റെയില്‍വേ ബജറ്റിലാണ് സര്‍വേക്ക് അനുമതി നല്‍കിയത്. വിമാനത്താവളത്തിന് തറക്കല്ലിടുന്ന ചടങ്ങിലാണ് മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം മട്ടന്നൂരിലേക്ക് റെയില്‍പാത വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. പിന്നീട് കേന്ദ്ര റെയില്‍മന്ത്രിക്കും സഹമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിവേദനം നല്‍കുകയും ചെയ്തു. ഇതിന്റെയെല്ലാമടിസ്ഥാനത്തിലാണ് റെയില്‍വേ ബജറ്റില്‍ സര്‍വേക്ക് അനുമതിയായത്. ഇതിന്റെ ഭാഗമായുള്ള സര്‍വെയുടെ ഒന്നും രണ്ടും ഘട്ടം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് കണ്ണൂര്‍ മട്ടന്നൂര്‍ പുതിയ പാതയുടെ സാധ്യതാ പഠനത്തിനു ചെന്നൈയിലെ ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ചീഫ് എന്‍ജിനീയര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ചെന്നൈയില്‍ നിന്നുള്ള റെയില്‍വേ ഡ്രോയിംഗ് വിഭാഗം ഇതിനായി സര്‍വേ നടത്തുകയും ചെയ്തു. കണ്ണൂര്‍ സൗത്തില്‍ നിന്ന് ആറ്റടപ്പ, പള്ളിപ്പൊയില്‍, മാച്ചേരി, കൂടാളി, ചാലോട്, എടയന്നൂര്‍ വഴിയാണ് മൂര്‍ഖന്‍പറമ്പിലേക്ക് പാത ഉദ്ദേശിച്ചു സര്‍വേ നടത്തിയത്. കണ്ണൂര്‍ മട്ടന്നൂര്‍ പാത ലാഭകരമാണോ എന്നത് പരിശോധിച്ചായിരിക്കും ഭാവിപ്രവര്‍ത്തനങ്ങള്‍ തുടരുകയെന്നും ഇക്കാര്യത്തില്‍ ഏറെ അനിശ്ചിതത്വമുണ്ടാകുമെന്നും സര്‍വേക്കുശേഷം അഭിപ്രായം രൂപപ്പെട്ടെങ്കിലും ഒടുവില്‍ പാതക്കായി ബജറ്റില്‍ 400 കോടി വകയിരുത്തുകയായിരുന്നു.
താഴെചൊവ്വയില്‍ നിന്ന് മൂര്‍ഖന്‍ പറമ്പിലേക്ക് 25കിലോ മീറ്റര്‍ ദൂരമുണ്ട്. കണ്ണൂര്‍ സൗത്ത്് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാത തുടങ്ങണമെന്നാണ് ഇപ്പോഴുള്ള പ്രധാന ആവശ്യം. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റെയില്‍പാത യാഥാര്‍ഥ്യമായാല്‍ നിലവില്‍ കണക്കാക്കപ്പെടുന്ന വിമാനയാത്രികരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നുണ്ട്. അതോടൊപ്പം ചരക്കു നീക്കത്തിനും റെയില്‍പ്പാത ഗുണകരമാകും. അതിനിടെ മട്ടന്നൂരിലേക്ക് പുതിയ പാത നിര്‍മിച്ചാല്‍ നേരത്തെ ആവശ്യമുയര്‍ന്ന തലശ്ശേരി-മൈസൂരു പാതക്കുള്ള സാധ്യത തെളിയുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. മട്ടന്നൂര്‍ വിമാനത്താവള പാതയുമായി കൂട്ടിച്ചേര്‍ത്തായിരിക്കും തലശ്ശേരി മൈസുരു പാത സജ്ജമാക്കാന്‍ സാധ്യതയുണ്ടാകുക. നേരത്തെ നടത്തിയ സര്‍വേ പ്രകാരം തലശ്ശേരിയില്‍ നിന്ന് 145.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൈസൂരിലെത്താനാകും. 300 കോടി രൂപ ചെലവില്‍ പാത യാഥാര്‍ഥ്യമാക്കാനാകുമെന്ന് കൊങ്കണ്‍ റെയില്‍വേ മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍ അന്ന് പറഞ്ഞിരുന്നു. പാതക്ക് പ്രകൃത്യാലുള്ള തടസ്സം എന്നത് കര്‍ണാടകയിലെ വനമേഖല മാത്രമാണ്. എന്നാല്‍ കൊങ്കണ്‍ മാതൃകയില്‍ മൂന്ന് കിലോമീറ്റര്‍ തുരങ്കം നിര്‍മിച്ച് റെയില്‍പാത നിര്‍മിക്കാവുന്നതേയുള്ളൂവെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ പാത വന്നാല്‍ മലബാറുകാര്‍ക്കെന്ന പോലെ കര്‍ണാടകയിലെ കൂര്‍ഗ് മേഖലയിലുള്ളവര്‍ക്കും വലിയ അനുഗ്രഹമാകും. തലശ്ശേരിയില്‍ നിന്നു കൂത്തുപറമ്പ്്, ഇരിട്ടി, പായം, ശിവപുരം, എടൂര്‍, വാണിയപ്പാറ, രണ്ടാംകടവ് ഭാഗങ്ങളിലൂടെയാണ് തലശ്ശേരി പാത കര്‍ണാടകയിലേക്ക് കടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here