മുസ്‌ലീംകളെ സംശയത്തിന്റെ കണ്ണോടെ നോക്കിയാല്‍ ജമ്മുകാശ്മീരിനെ നിലനിര്‍ത്താന്‍ കഴിയില്ല: ഫറൂഖ് അബ്ദുള്ള

Posted on: February 25, 2016 1:31 pm | Last updated: February 25, 2016 at 1:31 pm
SHARE

farooq abdullahശ്രീനഗര്‍: മുസ്‌ലീംകളെ സംശയത്തിന്റെ കണ്ണോടെ നോക്കിയാല്‍ കാശ്മീരിനെ ഇന്ത്യക്ക് നിലനിര്‍ത്താന്‍ കഴിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഇന്ത്യയില്‍ നടക്കുന്ന കലാപങ്ങള്‍ ആപല്‍ സൂചനകളാണ്. അതു മനസിലാക്കാതെ ഹിന്ദുക്കളും മുസ്‌ലീംകളും പോരടിച്ചാല്‍ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കിലും ഇതാണ് സത്യമെന്നും ഫറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. നാഷണല്‍ കോണ്‍ഫറന്‍സ് മുന്‍ ജനറല്‍ സെക്രട്ടറി ഷെയ്ഖ് നാസറിന്റെ ഒന്നാം ചരമ വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലീംകള്‍ രാജ്യത്തിന്റെ ശത്രുക്കളല്ല. എന്നിട്ടും അവരെ സംശയത്തിന്റെ കണ്ണോടെയാണ് കാണുന്നത്. മുസ്‌ലീംകള്‍ ഇന്ത്യക്കാരല്ലേ? അവര്‍ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ലേ? രാജ്യത്തിനായി വീരമൃത്യു വരിച്ച ബ്രിഗേഡിയര്‍ ഉസ്മാനെ നിങ്ങള്‍ മറന്നു പോയോയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിനായി പോരാടുന്ന മുസ്‌ലീം സൈനികരെ മറക്കുകയാണോ. മുസ്‌ലീംകള്‍ ശത്രുക്കളല്ല. മുസ്‌ലീംകളെ ശത്രുക്കളായി കാണുന്നവരെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ജീവിക്കുന്നത് മുസ്‌ലീംകളുടെ ഹൃദയത്തിലാണ്. ദൈവത്തെ കരുതി രാജ്യത്തെ മുസ്‌ലീംകളെയും ഹിന്ദുക്കളേയും വിഭിന്നമായി കാണരുത്. ഈ ഇന്ത്യയെ അല്ല മഹാത്മ ഗാന്ധി, മൗലാന ആസാദ്, ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയും ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റുള്ളവരും നിര്‍മിച്ചത്. നിങ്ങളുടെ ദൈവവും ഞങ്ങളുടെ ദൈവവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. എന്തെങ്കിലും വ്യത്യാസമുണ്ടായിരുന്നെങ്കില്‍ എന്റെ രക്തത്തിന്റെ നിറം പച്ചയും നിങ്ങളുടെ കടുംമഞ്ഞയും ക്രൈസ്തവരുടെ മറ്റെന്തെങ്കിലും നിറവും ആകുമായിരുന്നു. ദൈവം എല്ലാവരെയും ഒരുപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത്. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കണമെന്നും ഹൃദയങ്ങള്‍ ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.