എച്ച് എല്‍ ദത്തു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

Posted on: February 24, 2016 9:56 am | Last updated: February 24, 2016 at 9:56 am

hl dattuന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍ എച്ച് ആര്‍ സി) ചെയര്‍മാനായി മുന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിനെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണ് ഇന്നലെ ഈ പദവിയിലേക്ക് ദത്തുവിനെ തിരഞ്ഞെടുത്തത്. എന്‍ എച്ച് ആര്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനത്ത് നിന്ന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ വിരമിച്ച ഒഴിവില്‍ കഴിഞ്ഞ എട്ട് മാസമായി ആരെയും നിയമിച്ചിരുന്നില്ല. ദത്തുവിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയുടെ അംഗീകരാത്തിനായി അയക്കും. അഞ്ച് വര്‍ഷമാണ് ഈ സ്ഥാനത്ത് എച്ച് എല്‍ ദത്തു തുടരുക. 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം അനുസരിച്ച് പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ കണക്കിലെടുത്ത് രാഷ്ട്രപതിയാണ് എന്‍ എച്ച് ആര്‍ സി ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത്.
2014 സെപ്തംബര്‍ 28ന് ചീഫ് ജസ്റ്റിസായി അധികാരമേറ്റ എച്ച് എല്‍ ദത്തു കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് വിരമിച്ചത്. 65 കാരനായ ഹന്ദ്യാല ലക്ഷ്മീനാരായണ സ്വാമി ദത്തു എന്ന എച്ച് എല്‍ ദത്തു 1975ല്‍ ബെംഗളൂരുവില്‍ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1983 മുതല്‍ കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷകവൃത്തി നടത്തി വരുന്നതിനിടയില്‍ 1995ല്‍ അവിടെ ജഡ്ജിയായി നിയമിതനായി. 2007 ഫെബ്രുവരിയില്‍ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും തുടര്‍ന്ന് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.