ഗവ. മെഡിക്കല്‍ കോളജുകള്‍ പതിനാറിലേക്ക്

Posted on: February 24, 2016 5:31 am | Last updated: February 23, 2016 at 11:33 pm
SHARE

ജവഹര്‍ലാല്‍ നെഹ്‌റു, കേരളം പിറവിയെടുത്ത 1951ല്‍ ഉദ്ഘാടനം ചെയ്ത, സംസ്ഥാനത്തെ പ്രഥമ മെഡിക്കല്‍ കോളജായ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിനുശേഷം അനന്തപുരിയില്‍ മറ്റൊരു ഗവ. മെഡിക്കല്‍ കോളജ് ഇന്ന് യാഥാര്‍ഥ്യമാകുകയാണ്. നിലവിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജ്, രോഗീ ബാഹുല്യത്താലും സ്ഥലപരിമിതിയാലും വീര്‍പ്പുമുട്ടുന്ന സാഹചര്യത്തിലാണ് പുതിയത്് ആരംഭിക്കുന്നത്. ജനറല്‍ ആശുപത്രിയെയും തൈക്കാട് ആശുപത്രിയേയും സംയോജിപ്പിച്ചു കൊണ്ട് തുടങ്ങുന്ന മെഡിക്കല്‍ കോളജില്‍ നാട്ടിലെ മിടുക്കരായ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങുകയാണ്. ഇവിടെ ഈ വര്‍ഷം 100 വിദ്യാര്‍ഥികള്‍ക്ക് പ്രവേശം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് വീണ്ടുമൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന സ്വപ്‌നം 1982നു ശേഷം യാഥാര്‍ഥ്യമായത്, 2013ല്‍ മഞ്ചേരി മെഡിക്കല്‍ കോളജ് നിലവില്‍ വന്നതോടെയാണ്. ഇടുക്കിയിലും പാലക്കാടുമാണ് പിന്നീട് മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയത്. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 100 എം ബി ബി എസ് സീറ്റുകളോടെ ആരംഭിച്ച പാലക്കാട് മെഡിക്കല്‍ കോളജിലെ 70 ശതമാനം സീറ്റുകളും പട്ടിക ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ളതാണ്. കൊച്ചി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു. കോന്നി, കാസര്‍കോട്, വയനാട്, ഹരിപ്പാട് എന്നിവിടങ്ങളില്‍ക്കൂടി, പുതിയ ഗവ. മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ തീരുമാനമായി. ഇതിനായി ഇത്തവണത്തെ ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളി ഇ എസ് ഐ ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.
പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചതോടെ സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 950 ല്‍നിന്നും 1250 ആയി ഉയര്‍ന്നു. 30 ശതമാനത്തോളം വര്‍ധനവ്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 775 ഗവ. മെറിറ്റ് സീറ്റുകള്‍ ഇവക്കുപുറമെയാണ്. മെഡിക്കല്‍ പ്രവേശത്തിനായി അന്യ രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും ആശ്രയിച്ചിരുന്ന കേരളത്തിലെ സാധാരണക്കാരായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക്, പുതിയ മെഡിക്കല്‍ കോളജുകളുടെ ആവിര്‍ഭാവം വലിയ ആശ്വാസമായിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും ഒരേ കെട്ടിടത്തില്‍ സജ്ജമാക്കി, ചികിത്സാനിലവാരവും സൗകര്യങ്ങളും ആഗോള നിലവാരത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള 26 കോടി രൂപയുടെ ഏഴ് നിലകളുള്ള, മള്‍ട്ടി സ്‌പെഷ്യാലിറ്റി – പോളി ട്രോമാ ബ്ലോക്ക്, 27 കോടി രൂപയുടെ നാല് നിലകളുള്ള മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലാബ്, ആധുനിക അനിമല്‍ ഹൗസ്, 24 കോടി രൂപയുടെ ഫാര്‍മസി-ഡെന്റല്‍-പാരാമെഡിക്കല്‍ ഹോസ്റ്റല്‍ സമുച്ചയം എന്നിവയുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ബേണ്‍സ് യൂനിറ്റ്, ഡ്രഗ് ടെസ്റ്റിംഗ് ലാബ്, ആധുനിക കാര്‍ഡിയാക് ഐസിയു, ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐ സി യു., എച്ച് എല്‍ എ ലാബ്, ജീവനക്കാര്‍ക്കു വേണ്ടി 12 ഫഌറ്റുകളടങ്ങിയ പാര്‍പ്പിട സമുച്ചയം മുതലായവ ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യത്തെ ഐ വി എഫ് യൂനിറ്റ് എസ് എ ടി ആശുപത്രിയില്‍ ആരംഭിച്ചു. 24 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച മാതൃശിശു മന്ദിരം തുറന്നു.
തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍, വികസനസപര്യയുടെ നാള്‍വഴികളില്‍ അതിവേഗം മുന്നേറുകയാണ്. പിന്നിട്ട അഞ്ച് വര്‍ഷക്കാലയളവില്‍, ക്യാന്‍സര്‍ ചികിത്സാരംഗത്തെ ഈ മഹത്സ്ഥാപനം അപൂര്‍വ നേട്ടങ്ങളാണ് കൈവരിച്ചത്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് പദവിയും ഇന്ത്യയിലെ ആദ്യത്തെ ക്യാന്‍സര്‍ ചികിത്സാ സ്ഥാപനത്തിനുള്ള എന്‍ എ ബി എച്ച് അക്രഡിറ്റേഷനും കരസ്ഥമാക്കി. 38 കോടി രൂപ ചെലവില്‍ പുതിയ ഒ പി ബ്ലോക്ക് നിര്‍മിച്ചു. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ പെറ്റ് സ്‌കാന്‍ യൂനിറ്റും സിംലാബും തുടങ്ങി. അടുത്തഘട്ടം വികസനത്തിനായി പുലയനാര്‍ കോട്ടയില്‍ ആരോഗ്യവകുപ്പിന്റെ 15 ഏക്കര്‍ സ്ഥലം അനുവദിച്ചു. പശ്ചാത്തല സൗകര്യവിപുലീകരണത്തിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 59.35 കോടിരൂപയാണ് ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡ്രഗ് ടെസ്റ്റിംഗ് ലാബ് തുടങ്ങി. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി. ട്രോമാകെയര്‍ യൂനിറ്റിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ യൂണിറ്റും, ഐ വി എഫ് യൂനിറ്റും തുടങ്ങി. ഹൃദ്രോഗ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയതു മൂലം, സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയ ഇവിടെ സാധ്യമായി. ക്യാന്‍സര്‍ ചികിത്സക്കുള്ള സി ടി സ്റ്റിമുലേറ്റര്‍, ലീനിയര്‍ ആക്‌സിലറേറ്റര്‍ മുതലായവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പുതിയ കാഷ്വാലിറ്റി ബ്ലോക്കിന്റെയും ഫാര്‍മസി കോളജ് കെട്ടിടത്തിന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ബേണ്‍സ് യൂനിറ്റ് സ്ഥാപിതമായി. സൈക്കിയാട്രിക് ഡിപാര്‍ട്ട്‌മെന്റ് നവീകരിച്ചു. കാത്ത് ലാബ് സജ്ജമാക്കിവരികയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐ വി എഫ് യൂനിറ്റ് തുടങ്ങി. പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചു. ലുക്കീമിയ വാര്‍ഡ് സജ്ജമാക്കിവരികയാണ്. ലക്ചര്‍ തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മാണം പൂര്‍ത്തിയാകാറായി.

LEAVE A REPLY

Please enter your comment!
Please enter your name here