വിതരണം ചെയ്തത് 6500 ഭൂരേഖകള്‍

Posted on: February 24, 2016 5:16 am | Last updated: February 23, 2016 at 10:17 pm
SHARE

കാസര്‍കോട്: ജില്ലയില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഭൂവിതരണ മേളയില്‍ വിതരണം ചെയ്തത് 6500പേര്‍ക്കുള്ള ഭൂരേഖകള്‍. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം 5873 പട്ടയങ്ങളും മറ്റു വിവിധ പദ്ധതികളില്‍പ്പെടുത്തി 627 പട്ടയങ്ങളുമാണ് അനുവദിച്ചത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ലഭിച്ച 17905 അപേക്ഷകളില്‍ നിന്ന് 10271 പേര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തില്‍ ലഭിച്ച 16982 അപേക്ഷകളില്‍ അര്‍ഹരായ 5873 പേര്‍ക്കാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. ഹോസ്ദുര്‍ഗ് താലൂക്കില്‍ 1082, കാസര്‍കോട് 3040, മഞ്ചേശ്വരം 1558, വെള്ളരിക്കുണ്ട് 193 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍പ്പെട്ട മിച്ചഭൂമിയില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന 25 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചിട്ടുണ്ട്. പട്ടയങ്ങള്‍ പ്രിന്റ് ചെയ്യേണ്ട കാലതാമസംമൂലം ഭൂമി പതിച്ചുകൊണ്ടുള്ള ഉത്തരവാണ് വിതരണം ചെയ്തത്. രണ്ടാഴ്ചക്കകം വില്ലേജ് ഓഫീസ് മുഖാന്തരം പട്ടയങ്ങള്‍ വിതരണം ചെയ്ത് ഉപഭോക്താക്കള്‍ക്കുള്ള ഭൂമി കാണിച്ച് നല്‍കും. മലയോര മേഖലയില്‍ മിച്ചഭൂമിയില്‍ വര്‍ഷങ്ങളായി താമസിച്ച് വരുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനായി ഒരു സര്‍വ്വേ ടീം രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here