Connect with us

Gulf

വില്ലകള്‍ ഭാഗിക്കുന്നതിനെതിരെ കര്‍ശന നടപടി

Published

|

Last Updated

ദോഹ: വില്ലകള്‍ ഭാഗിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി ദോഹ മുനിസിപ്പാലിറ്റി. നഗരത്തിലുടനീളം കര്‍ശന പരിശോധനകളാണ് മുനിസിപ്പാലിറ്റി നടത്തുന്നത്. ഏഴ് വില്ലകള്‍ നിയമവിരുദ്ധമായി ഭാഗിച്ച് വാടകക്ക് നല്‍കിയ ഏഷ്യക്കാരനെ ഈയടുത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
2014ലെ ഭേദഗതി ചെയ്ത കെട്ടിട നിയമ പ്രകാരം വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും വിഭജിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ മുനിസിപ്പാലിറ്റിക്ക് അധികാരമുണ്ട്. താമസസ്ഥലങ്ങളുടെ ദൗര്‍ലഭ്യം കാരണം ഇങ്ങനെ ഭാഗിക്കുന്നത് സാധാരണമാണെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നു. അധികൃതരുടെ അംഗീകാരമില്ലാതെ കെട്ടിടങ്ങളില്‍ മാറ്റം വരുത്താന്‍ പാടില്ല. വീട്ടുവാടക കുത്തനെ ഉയര്‍ന്നതിനാല്‍ കുറഞ്ഞവരുമാനക്കാരായ പ്രവാസികളാണ് ഇത്തരം നിയമവിരുദ്ധ കെട്ടിടങ്ങളില്‍ താമസിക്കുന്നത്.
അതേസമയം, ഈ വര്‍ഷം 29 കരാര്‍ കമ്പനികളെയും എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സികളെയും ദോഹ മുനിസിപ്പാലിറ്റി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പട്ടിക എല്ലാ മുനിസിപ്പാലിറ്റികള്‍ക്കും കൈമാറുകയും ഇവരുടെ ഇടപടാകുള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീഴ്ചകള്‍ പരിഹരിക്കുന്ന മുറക്ക് കമ്പനികളെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കും. മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ വിഭാഗം 16 ഭക്ഷണ വില്‍പ്പനശാലകള്‍ അടപ്പിക്കുകയും 90 ശതമാനം പൊത്തുസ്വത്ത് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തു. താമസസ്ഥലങ്ങളില്‍ തൊഴിലാളികള്‍ക്ക് മാത്രം സൗകര്യമേര്‍പ്പെടുത്തുന്ന നിയമലംഘനം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 60 ശതമാനം കുറക്കാന്‍ സാധിച്ചു.
ഈ വര്‍ഷം 1166 ഉപേക്ഷിച്ച വാഹനങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 554 എണ്ണം മാറ്റി. 76 ഗാരേജുകളും കമ്പനികളും പരിസര മലിനീകരണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ 60 ചില്ലറവില്‍പ്പനശാലകള്‍ അടപ്പിച്ചു. ജുഡീഷ്യല്‍ അധികാരമുള്ള 250 ഇന്‍സ്‌പെക്ടര്‍മാരാണ് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ളത്. സാങ്കേതികം, പൊതുജനം, ആരോഗ്യ നിയന്ത്രണം എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.