കാശ്മീരില്‍ ബി ജെ പി ഭരണം: കാലത്തിന് മാത്രമേ പറയാന്‍ കഴിയൂവെന്ന് മെഹ്ബൂബ മുഫ്തി

Posted on: February 22, 2016 9:44 am | Last updated: February 22, 2016 at 9:44 am
SHARE

mehbooba-muftiശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുമോ എന്ന കാര്യം കാലത്തിന് മാത്രമേ പറയാന്‍ കഴിയൂ എന്ന് പി ഡി പി അധ്യക്ഷ മെഹ്ബൂബ മുഫ്തി. അനന്താങില്‍ നിന്നുള്ള ലോകസഭാംഗമായ മുഫ്തി പാര്‍ലിമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക് തിരിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ജെ എന്‍ യുവില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.
കഴിഞ്ഞ ദിവസം, ബി ജെ പി ജനറല്‍ സെക്രട്ടറി രാം മാധവുമായി മെഹബൂബ ശ്രീനഗറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ച ഇരു പാര്‍ട്ടികളെ സംബന്ധിച്ചും അനുകൂലമാണെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം രാം മാധവ് പറഞ്ഞത്. നേരത്തെ ഉണ്ടായിരുന്ന മുന്നണി ഉടമ്പടികള്‍ അനുസരിച്ചുതന്നെ സര്‍ക്കാറിന് തുടരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചതിന് ശേഷം ആദ്യമായി ഒരു ചടങ്ങില്‍ പ്രസംഗിച്ച മെഹബൂബ മുഫ്തി പറഞ്ഞത്, അധികാരം തന്റെ ലക്ഷ്യമേ അല്ലെന്നാണ്. ജമ്മു കാശ്മീരിന്റെ വികസനത്തെ കുറിച്ചുള്ള പിതാവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ് തന്റെ ലക്ഷ്യം. അതിന് സാധിക്കുമെങ്കില്‍ മാത്രമേ അധികാരം കൊണ്ട് അര്‍ഥമുള്ളൂവെന്നും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പി ഡി പി നേതാക്കള്‍ വൈകാതെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് വരുമെന്ന് കഴിഞ്ഞ ദിവസം രാം മാധവ് പറഞ്ഞതിനെയും മെഹബൂബ തള്ളിക്കളയുന്നു. താന്‍ ഇത്തവണ ഡല്‍ഹിയിലേക്ക് പോകുന്നത് പാര്‍ലിമെന്റ് അംഗം എന്ന കര്‍ത്തവ്യം നിറവേറ്റാന്‍ വേണ്ടി മാത്രമാണ്. പാര്‍ലിമെന്റ് ബഹളങ്ങളില്ലാതെ പ്രവര്‍ത്തിക്കുമെങ്കില്‍ എനിക്ക് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.
പക്ഷേ, ജെ എന്‍ യു, ജാട്ട് പോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജെ എന്‍ യുവില്‍ പഠിക്കുന്ന ജമ്മു കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി സംസാരിക്കാന്‍ പാര്‍ട്ടി നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മെഹബൂബ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here