Connect with us

National

ഹരിയാനയില്‍ ജാട്ട് പ്രക്ഷോഭം പടരുന്നു; റോത്തക്കില്‍ കര്‍ഫ്യൂ

Published

|

Last Updated

ചണ്ഡീഗഡ്: സംവരണം ആവശ്യപ്പെട്ട് ഹരിയാനയിലെ ജാട്ട് വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭ കലാപമായി. ക്രമസമാധാനം പൂര്‍ണായി തകര്‍ന്നതിനാല്‍ പ്രക്ഷോഭം രൂക്ഷമായ റോത്തക്, ഭിവാനി ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്. പ്രക്ഷോഭം രൂക്ഷമായ എട്ട് ജില്ലകളില്‍ ക്രമസമാധാന ചുമതല പൂര്‍ണമായും സൈന്യം ഏറ്റെടുത്തു. പ്രക്ഷോഭകാരികള്‍ ഒരു സ്വകാര്യ ആയുധപ്പുര കൊള്ളയടിച്ചതായി റിപ്പോര്‍ട്ടുണ്ട്.

നേരത്തെ പ്രക്ഷോഭകാരികള്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭകാരികള്‍ ഹരിയാന മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീടിന് തീയിട്ടു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ അഗ്‌നിക്കിരയാക്കി. സംഭവം നടക്കുമ്പോള്‍ മന്ത്രിയും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ക്ഷുഭിതരായ പ്രക്ഷോഭകര്‍ പോലീസ് ജീപ്പും അഗ്‌നിക്കിരയാക്കി.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ജാട്ട് പ്രതിനിധികളുമായി വെള്ളിയാഴ്ച്ച ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. സമരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റോത്തക്കില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു.

Latest