സ്വദേശികളുടെ വീടുനിര്‍മാണ കരാര്‍ അധികൃതര്‍ സംരക്ഷിക്കണമെന്ന് സി എം സി

Posted on: February 18, 2016 8:35 pm | Last updated: February 18, 2016 at 8:35 pm
SHARE

ദോഹ: വീടുകള്‍ നിര്‍മിക്കുന്നതിന് കരാറില്‍ ഏര്‍പ്പെടുന്ന ഖത്വരികള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഉത്തരവാദിത്തമേറ്റെടുക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (സി എം സി). വീടുനിര്‍മാണത്തിന് ഖത്വരികള്‍ക്ക് 12 ലക്ഷം ഖത്വര്‍ റിയാല്‍ വായ്പ ലഭിക്കും. എന്നാല്‍ നിര്‍മാണ കരാറുകളില്‍ പരിചയക്കുറവ് കാരണം ഇവര്‍ വഞ്ചിതരാകുന്നതായി സി എം സി ചെയര്‍മാന്‍ മുഹമ്മദ് മഹ്മൂദ് അല്‍ ശാഫി മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ പറയുന്നു.
ഈ പ്രശ്‌നം നേരിടുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ് മന്ത്രാലയവും തൊഴില്‍, സാമൂഹികകാര്യ വകുപ്പും ഖത്വര്‍ ഡെവലപ്‌മെന്റ് ബേങ്കുമായി ചേര്‍ന്ന് നിര്‍മാണകരാറുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയുമാണ് വേണ്ടത്. നിര്‍മാണം പൂര്‍ത്തിയായ ശേഷം വീട് ലഭിക്കുന്ന 2007ലെ സംവിധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. കരാര്‍ പാലിക്കപ്പെടാത്തതും നിര്‍മാണപ്പിഴും ചൂണ്ടിക്കാട്ടി പൗരന്മാര്‍ കോടതിയെ സമീപിക്കാറുണ്ടെങ്കിലും കേസ് നീണ്ടുപോകുകയാണ് പതിവ്. ഇത് നിര്‍മാണം വൈകുന്നതിനും നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം കാരണം പൗരന്‍മാര്‍ പണം ചെലവഴിക്കാതിരിക്കാനും ഇടയാക്കുന്നു.
എല്ലാ പാലങ്ങളും സബ്‌വേകളും ഖത്വരി പൈതൃകവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ പെയിന്റ് ചെയ്യണമെന്ന് സി എം സിയിലെ സര്‍വീസസ് ആന്‍ഡ് ഫെസിലിറ്റീസ് കമ്മിറ്റി ശിപാര്‍ശ ചെയ്തു. വരുന്ന പദ്ധതികളും ഈ രീതിയില്‍ പെയിന്റ് ചെയ്യണം. സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ഇന്നൊവേഷനും ഖത്വര്‍ ഫൈന്‍ ആര്‍ട്‌സ് അസോസിയേഷനും ഇതില്‍ പങ്കാളിത്തം നല്‍കണം. ഒമ്പതാം നമ്പര്‍ മണ്ഡലത്തിലെ കൗണ്‍സിലര്‍ ഫാത്വിമ ബിന്‍ത് അഹ്മദ് അല്‍ കവാരിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഈ നിര്‍ദേശം കഴിഞ്ഞ ഡിസംബറില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പാലങ്ങളില്‍ നിന്ന് മുവൈതിറിലേക്കുള്ള റോഡില്‍ ട്രക്കുകളും ട്രെയ്‌ലറുകളും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുതെന്ന് കൗണ്‍സിലര്‍മാരായ മുഹമ്മദ് ബിന്‍ അലി അല്‍ അസ്ബയും മുഹമ്മദ് ബിന്‍ ഹമദ് അല്‍ അത്താനും നിര്‍ദേശിച്ചു. അല്‍ മുര്‍റ, അല്‍ ശര്‍ഖിയ്യ, മുവൈതിര്‍ സ്‌പോര്‍ട് ക്ലബ് തുടങ്ങിയവക്ക് സമീപം ട്രക്കുകളുടെ ഗതാഗതം മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here