റോഡ് വികസനത്തിന് 2,680 കോടിയുടെ പദ്ധതി

Posted on: February 18, 2016 12:36 am | Last updated: February 18, 2016 at 10:41 am

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ 20 റോഡുകളുടെ വികസനത്തിന് 2,680 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആദ്യഘട്ടം 1,619 കോടി ചെലവില്‍ 10 റോഡുകളുടെ നിര്‍മാണമാണ് ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മാണം തുടങ്ങും. ഇതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ടമായി 1,060 കോടിയുടെ 10 റോഡുകളുടെ നിര്‍മാണം നടത്തും. ഇതിനും മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. അടുത്ത സാമ്പത്തിക വര്‍ഷം ഇതിന്റെ നിര്‍മാണം തുടങ്ങും. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ 50 പൈസ 14 ജില്ലകളിലെ പ്രധാന റോഡുകളുടെ വികസനത്തിനും 50 പൈസ ലക്ഷം വീട് പുനരുദ്ധാരണത്തിനും പാവപ്പെട്ടവര്‍ക്ക് വീടുനിര്‍മിക്കുന്നതിനുമാണ് വിനിയോഗിക്കുക. ഇതനുസരിച്ച് റോഡ് വികസന ഇനത്തില്‍ 400 കോടി രൂപ പിരിച്ചെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. കളമശ്ശേരി ബസ് ടെര്‍മിനലിനായി കിന്‍ഫ്രയുടെ 20 സെന്‍ഡ് സ്ഥലം മുനിസിപ്പാലിറ്റിക്ക് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നീണ്ടകര തീരദേശ പോലീസ് സ്റ്റേഷന് തുറമുഖ എന്‍ജിനീയറിംഗ് വകുപ്പിന്റെ കൈവശമുള്ള 15.5 സെന്‍ഡ് ഭൂമി വിട്ടുകൊടുക്കും. കലാമണ്ഡലം ഡീംഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപ്പന്റ് 1250 രൂപയില്‍ നിന്ന് 1500 രൂപയായി ഉയര്‍ത്താനും ഇത് എല്ലാ വിദ്യാര്‍ഥികള്‍ക്കു നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അഞ്ച് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ തസ്തികകളും 27 എല്‍ഡി ക്ലാര്‍ക്ക് തസ്തികകളും സൃഷ്ടിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. അജന്‍ഡയിലെ എല്ലാ കാര്യങ്ങളും പരിഗണിക്കാന്‍ കഴിയാത്തതിനാല്‍ ഇന്ന് വീണ്ടും മന്ത്രിസഭായോഗം ചേരും. പണി ഉടനെ തുടങ്ങുന്ന ആദ്യത്തെ പത്ത് പദ്ധതികളും ഭരണനാനുമതി നല്‍കിയ റോഡുകളും.
1. പ്രാവച്ചമ്പലം- വഴിമുക്ക് (6.5 കി മീറ്റര്‍ നാല്‌വരി), 2. ഹില്‍ ഹൈവേ- ചെറുപുഴ- പയ്യാവൂര്‍ ഉളിക്കല്‍- വള്ളിത്തോട് (59.415 കി മീറ്റര്‍), 3. ഹില്‍ ഹൈവേ- നന്താരപടവ്- ചെറുപുഴ (33 കി മീറ്റര്‍), 4. നാടുകാണി- വഴിക്കടവ്- നിലമ്പൂര്‍- ഇടവണ്ണ- മഞ്ചേരി- മലപ്പുറം-വേങ്ങര- തിരൂരങ്ങാടി- പരപ്പനങ്ങാടി (90 കി മീറ്റര്‍), 5.വലിയ അഴീക്കല്‍ പാലം, 6.കോടിമതാ- മണ്ണര്‍ക്കാട് ബൈപാസ് (ആദ്യ ഘട്ടം),7. വൈറ്റില മേല്‍പ്പാലം, 8. കുണ്ടന്നൂര്‍ മേല്‍പ്പാലം, 9. തൊണ്ടയാട് മേല്‍പ്പാലം, 10. രാമനാട്ടുകര മേല്‍പ്പാലം.
ഭരണാനുമതി നല്‍കിയ റോഡുകള്‍ 1.ചവറ കെ എം എം എല്‍ ജംഗ്ഷന്‍- കുറ്റിവട്ടം- അരിനല്ലൂര്‍ പടപ്പനാല്‍- കരാളിമുക്ക്- കടപ്പുഴ- കുണ്ടറ ഐ ടി പാര്‍ക്ക്- കൊട്ടിയം റോഡ് പുനര്‍നിര്‍മാണം (32 കിലോമീറ്റര്‍), 2. കുരുതിക്കളം- വെളിയമറ്റം- തൊടുപുഴ- ഞാറുക്കുറ്റി- വണ്ണപുരം- ചെറുതോണി റോഡ്, 3. പാലക്കാട് ലിങ്ക് റോഡ്, 4. കുറ്റിപ്പുറം എന്‍ജിനീയറിംഗ് കോളജ്- ഷൊര്‍ണ്ണൂര്‍ റോഡ് (പട്ടമ്പി പാലം ഉള്‍പ്പെടെ), 5. മാനാഞ്ചിറ- വെള്ളിമാടുകുന്ന് നാല്‌വരി വികസനം (8.4 കി മീറ്റര്‍, 6. ഏനാത്ത്- ഏഴംകുളം- ചന്ദനപ്പള്ളി- വള്ളിക്കോട്- വാകയാര്‍- കോന്നി താന്നിത്തൊട്- ചിറ്റാര്‍- ആനമുഴി- പ്ലാപ്പള്ളി (75 കി മീറ്റര്‍), 7. പുല്ലേപാടി- തമ്മനം ചക്കരപറമ്പ് (എന്‍ എച്ച് ബൈപാസ് 3.245 കി മീറ്റര്‍), 8. പടിഞ്ഞാറേകോട്ട മേല്‍പ്പാലം, 9. ചൂണ്ടല്‍-ഗുരുവായൂര്‍-ചാവക്കാട് നാലു വരിപാത വികസനം (11.5 കി മീറ്റര്‍), 10. സുല്‍ത്താന്‍ ബത്തേരി ബൈപാസ് (എന്‍ എച്ച് 212) 5 കി മീറ്റര്‍