ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം: പി ബിയില്‍ ഭിന്നത

Posted on: February 16, 2016 11:21 pm | Last updated: February 17, 2016 at 12:01 pm
SHARE

cpim pbന്യൂഡല്‍ഹി: ആസന്നമായ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട് സി പി എം പോളിറ്റ് ബ്യൂറോയില്‍ ഭിന്നാഭിപ്രായം. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നയനിലപാടുകള്‍ രൂപവത്കരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ബംഗാളിലെ കോണ്‍ഗ്രസ് കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായമുയര്‍ന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല മതേതരസഖ്യം വേണമെന്നാണ് പാര്‍ട്ടി ബംഗാള്‍ ഘടകം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് ബംഗാള്‍ ഘടകം പി ബിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബംഗാള്‍ ജനതയുടെ പൊതുവികാരം തൃണമൂല്‍ കോണ്‍ഗ്രസിനെതിരാണെന്നും അതു മുതലെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും ബംഗാള്‍ ഘടകം പി ബിയെ അറിയിച്ചു. സഖ്യമുണ്ടാക്കിയില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ബംഗാള്‍ ആവശ്യപ്പെട്ട പ്രകാരം കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യതകള്‍ ആരായുന്നതിനോട് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രകാശ് കാരാട്ടിന്റെ നിലപാടിനോട് കേരള ഘടകവും യോജിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യതകള്‍ തള്ളിയ പ്രകാശ് കാരാട്ട് ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നിലപാട് സ്വീകരിക്കുകയെന്നതിനോട് എതിരാണ്. പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനമനുസരിച്ചാണ് കേന്ദ്രകമ്മിറ്റി നിലപാടെടുക്കേണ്ടത്. ബി ജെ പിയുടെ വര്‍ഗീയതയെയും കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളെയും ഒരുപോലെ എതിര്‍ക്കുന്ന പാര്‍ട്ടിക്ക് രണ്ട് നയമെടുക്കുന്നതിലെ വൈരുധ്യം ക്ഷീണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാലും ബംഗാളില്‍ സി പി എമ്മിന് ജയിക്കാനുള്ള സാധ്യത നിലവിലില്ലാത്തതിനാല്‍ കരളത്തിലെ ജയ സാധ്യത കൂടി ഇല്ലാതാക്കാനെ ഇതുപകരിക്കുകയുള്ളൂവെന്ന വാദവും യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസുമായി നേരിട്ടുള്ള സഖ്യത്തില്‍നിന്ന് മാറി നീക്കുപോക്കുകളിലൂടെ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെ നേരിടാനുള്ള നീക്കങ്ങള്‍ ആലോചിക്കണമെന്ന ചില മുതിര്‍ന്ന അംഗങ്ങളുടെ അഭിപ്രായവും കൂടി ചര്‍ച്ചക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ അഭിപ്രായത്തോട് ബംഗാള്‍ ഘടകത്തിന് എതിര്‍പ്പില്ലെന്നാണറിയുന്നത്. ആകെ 16 അംഗങ്ങളുള്ള പി ബിയില്‍ 11 പേരും എതിര്‍ത്തതോടെ കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പിലൂടെ അംഗീകരിപ്പിക്കാനുള്ള നീക്കമാണ് ബംഗാള്‍ ഘടകത്തിന്റെ ഭാഗത്തുനിന്ന് ഇനിയുണ്ടാവുക. ഇന്നും നാളെയുമായി നടക്കുന്ന കേന്ദ്ര കമ്മിറ്റിയിലും ചര്‍ച്ച തുടരും.