ചെറുകിട സംരംഭങ്ങള്‍ക്ക് അനുയോജ്യ സംസ്ഥാനം കേരളം: ഡോ. രഘുറാം ജി രാജന്‍

Posted on: February 16, 2016 6:00 am | Last updated: February 16, 2016 at 8:38 am

തിരുവനന്തപുരം: ഇന്ത്യയില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനം കേരളമാണെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ഡോ. രഘുറാം ജി രാജന്‍. കേരളത്തിലെ വിദ്യാഭ്യാസ നിലവാരവും ഇതിന് അനുകൂല സാഹചര്യമാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന എം എസ് എം ഇ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് ഏറ്രവും പ്രധാനമായ ഒന്നാണ് ജോലി. ഏറ്റവും മധികം തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മേഖലയാണ് ചെറുവികട സംരംഭങ്ങള്‍. സാമ്പത്തിക നേട്ടം മാത്രമല്ല സാമൂഹ്യമാറ്റങ്ങള്‍ വരുത്താനും ചെറുകിട സംരഭങ്ങള്‍ക്ക് കഴിയും.
ആശയ ദാരിദ്ര്യമാണ് ഇതിലെ പ്രധാന പ്രശ്‌നം, പുതിയ ആശയങ്ങളുമായി ഈ രംഗത്തെത്തുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇത്തരം സംരംഭങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്.
ചെറുകിട സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ നിലവില്‍ ധാരാളമുണ്ട്. ഇവ ചെറുകിട സംരംഭങ്ങള്‍ക്ക് വളരെയധികം പ്രോത്സാഹനം നല്‍കുന്നുണ്ട്. വന്‍കിട ധനകാര്യ സ്ഥാപനങ്ങളുടെ പോളിസികളും വളരെ ദുര്‍ഘടം പിടിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു. സി ഐ ഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഹരികൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എ ഡി ജീവന്‍ദാസ് നാരായണ്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ ജോണ്‍ മുത്തൂറ്റ് പങ്കെടുത്തു.