ഓടായിക്കല്‍ – ബീമ്പുങ്ങല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം 27ന്‌

Posted on: February 13, 2016 9:55 am | Last updated: February 13, 2016 at 9:55 am
SHARE

നിലമ്പൂര്‍: ചാലിയാര്‍ പുഴക്ക് കുറുകെ നിര്‍മിക്കുന്ന ഓടായിക്കല്‍ – ബീമ്പുങ്ങല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് ഈ മാസം 27ന് നാടിന് സമര്‍പ്പിക്കും. ചെറുകിട ജല സേചന വകുപ്പ് 9.5 കോടി ചെലവില്‍ നിര്‍മിക്കുന്ന റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നതോടെ മമ്പാട് പഞ്ചായത്തിലെയും വണ്ടൂര്‍ എടവണ്ണ, തിരുവാലി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവും. കൂടാതെ കാര്‍ഷിക പുരോഗതിക്കും വഴിയൊരുക്കും. 12 ഷട്ടറുകളാണ് സ്ഥാപിക്കുന്നത്. പാലം വരുന്നതോടെ മമ്പാട് പഞ്ചായത്തില്‍ ചാലിയാറിനക്കരെ ഒറ്റപ്പെട്ട് കിടക്കുന്ന ഓടായിക്കല്‍, പുള്ളിപ്പാടം – വീട്ടിക്കുന്ന്, മാടം കോളനി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ യാത്രാ പ്രശ്‌നത്തിനും പരിഹാരമാവും. മമ്പാട് ടൗണിന് സമീപത്തുള്ള ഈ പ്രദേശങ്ങളിലുള്ളവര്‍ മമ്പാട് ടൗണിലെത്താന്‍ പത്തിലേറെ കിലോ മീറ്റര്‍ താണ്ടി എടവണ്ണ വഴി സഞ്ചരിക്കണം. മമ്പാട് തോണിക്കടവിലെ തൂക്കുപാലത്തിലൂടെ കാല്‍ നട മാത്രമാണ് ഇവര്‍ക്കുള്ള ഗതാഗത സൗകര്യം. ഓടായിക്കല്‍ – ഓടക്കടയം റോഡ് യാഥാര്‍ഥ്യമായാല്‍ നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് 10 കിലോ മീറ്ററോളം ദൂരം ലാഭിക്കാനുമാവും. പാലത്തിന്റെ ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നു വരുന്നത്.