ഗള്‍ഫില്‍ ഇസ്‌ലാമിക് ബേങ്കിംഗ് രീതിയിലുള്ള ഭവന വായ്പകള്‍ക്ക് പ്രിയമേറുന്നു

Posted on: February 11, 2016 7:16 pm | Last updated: February 12, 2016 at 8:45 pm

goldദോഹ: ഗള്‍ഫ് മേഖലയില്‍ ഭവന വായ്പകള്‍ക്ക് ഇസ്‌ലാമിക് ബേങ്കിംഗ് സംവിധാനം ജനപ്രീതി ആര്‍ജിക്കുന്നതായി റിപ്പോര്‍ട്ട്. മുസ്‌ലിമിതര വിഭാഗക്കാരും കൂടുതലായി ഇസ്‌ലാമിക് ബേങ്കുകളെ ആശ്രയിക്കുന്നുണ്ട്. പരമ്പരാഗത ഭവന വായ്പകള്‍ നേരിടുന്ന ഉത്പന്ന സവിശേഷത, സുതാര്യത തുടങ്ങിയവ ഇസ്‌ലാമിക് ബേങ്കിംഗ് സംവിധാനത്തില്‍ ഇല്ലാത്തതും വലിയൊരളവില്‍ ധാര്‍മികതയുമാണ് ജനപ്രീതിയുയരാന്‍ പ്രധാന കാരണം.
തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും ശരീഅ അടിസ്ഥാനത്തിലുള്ള ഭവനവായ്പകളാണ് ഖത്വറിലെ നാല് ഇസ്‌ലാമിക ബേങ്കുകളും അനുവദിക്കുന്നത്. കെട്ടിട നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് മേഖലകളിലാണ് ഖത്വറില്‍ ഇസ്‌ലാമിക് ബേങ്ക് സ്വത്തുള്ളത്. 2013ല്‍ 56 ബില്യന്‍ ഡോളറും 2014ല്‍ 72 ബില്യന്‍ ഡോളറും ആയിരുന്നു ആസ്തി മൂല്യം. 2018ഓടെ ഇത് 150 ബില്യന്‍ ഡോളര്‍ ആയി ഉയര്‍ത്താനാണ് ലക്ഷ്യം. ഈടിന്റെ സുതാര്യത വലിയ രീതിയിലാണ് ഇസ്‌ലാമിക് ബേങ്കിംഗില്‍ പ്രതിഫലിക്കുന്നതെന്ന് ബഹ്‌റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇസ്‌ലാമിക് ബേങ്കിംഗ് സെന്റര്‍ പാര്‍ട്ണര്‍ അസ്ഹര്‍ നസീം പറഞ്ഞു. മുശാറക (പാര്‍ട്ണര്‍ഷിപ്പ്), ഇജാറ (ലീസിംഗ്) അടക്കം നിരവധി മാര്‍ഗങ്ങള്‍ അടിസ്ഥാനമാക്കി കരാറുകള്‍ തയ്യാറാക്കാം. ലാഭ, പലിശ നിരക്കുകളിലെ മാറ്റങ്ങളാണ് ഇസ്‌ലാമിക് ബേങ്കിംഗിലെ വായ്പകളെ പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരേ വിപണിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ‘പരമ്പരാഗത പണ’ത്തേക്കാള്‍ ‘ഇസ്‌ലാമിക് പണ’ത്തിന് നിരക്ക് കുറവായതിനാല്‍ ഹുണ്ടിക ഇടപാട് തുടങ്ങിയക്കുള്ള സാധ്യതകള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഹുണ്ടിക ഇടപാട് മൊത്തം സാമ്പത്തിക സംവിധാനത്തെ ഇല്ലാതാക്കുന്നതാണ്. ഇസ്‌ലാമിക് ബേങ്കിംഗില്‍ പലിശയോ കരം പലിശയോ ഇല്ല. ഒരു സ്വത്തില്‍ ലാഭം പങ്കുവെക്കലും ബാധ്യതയേല്‍ക്കലുമാണുള്ളത്. ലാഭം നേടുക മാത്രമല്ല സമുദായത്തിന്റെ വളര്‍ച്ച അടിസ്ഥാനമാക്കി വായ്പകള്‍ അനുവദിക്കാനും ഇസ്‌ലാമിക് ബേങ്കിംഗിന് എപ്പോഴും താത്പര്യമുണ്ടാകും. അതേസമയം, പലിശയില്‍ നിന്ന് പരമാവധി ലാഭമാണ് പരമ്പരാഗത ബേങ്കിംഗ് ശ്രമിക്കുക.
വായ്പ എടുത്തവര്‍ തിരിച്ചടവ് തെറ്റിക്കുക പോലെയുള്ള ഘട്ടങ്ങളില്‍ ഇസ്‌ലാമിക് ബേങ്കിംഗ് സംവിധാനത്തില്‍ ചില പ്രതിസന്ധികള്‍ ദൃശ്യമാകാനിടയുണ്ട്. വസ്തു വാങ്ങി പണം മുഴുവന്‍ തിരിച്ചടക്കുന്നത് വരെ ഉപഭോക്താവിന് ലീസിന് കൊടുക്കുന്ന രീതിയാണ് ഇസ്‌ലാമിക് ബേങ്കിംഗില്‍ ഉള്ളത്. സാധാരണ വായ്പാ വേളയില്‍ തിരിച്ചടവ് തെറ്റിക്കാതിരിക്കാന്‍ ഇടപാടുകാര്‍ക്ക് ഇളവ് നല്‍കുന്ന ഏര്‍പ്പാട് പൊതുവെ ബേങ്കുകള്‍ക്കില്ല. അതേസമയം, വായ്പയെടുത്തയാളുമായി സംയുക്ത പരിഹാരത്തിനാണ് തിരിച്ചടവ് മുടങ്ങുമ്പോള്‍ ഇസ്‌ലാമിക് ബേങ്കിംഗ് സംവിധാനത്തില്‍ അനുവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഈട് വെച്ച സ്വത്ത് വില്‍ക്കാനോ ഊഹക്കച്ചവടം നടത്താനോ സാധിക്കില്ല. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത് ഈട് സ്വത്തുക്കളുടെ വില്‍പ്പനയും ഊഹക്കച്ചവടവുമായിരുന്നു.
തിരിച്ചടക്കേണ്ട തുക എത്രയാണെന്നത് വ്യക്തമായി അറിയാമെന്നതിനാല്‍ ഇടപാടുകാര്‍ക്ക് സമാധാനമാണ്. ലാഭവും മറ്റ് നിരക്കുകളും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. ഇത് മാറ്റാന്‍ ഇരുകക്ഷികളും സമ്മതിക്കണം. നിര്‍മാണ പദ്ധതി പോലെയുള്ള ഇടപാടുകാര്‍ക്ക് സാമ്പത്തികമായി ഇത് വളരെ ഗുണപ്രദമാകും. നിര്‍മാണ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടായാലും കരാറില്‍ വ്യവസ്ഥ ചെയ്തത് മാത്രമായിരിക്കും അടക്കേണ്ട ലാഭത്തുക.